15 November Thursday
പുനഃസ്ഥാപിക്കാൻ 31,200 കണക്ഷൻ

ഓണാവധി ഉപേക്ഷിച്ച് കെഎസ്ഇബി ജീവനക്കാർ

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018
 
 
 തൃശൂർ
പ്രളയദുരന്തത്തിൽ തകരാറിലായ ആയിരക്കണക്കിന് വീടുകളിലെയും സ്ഥാപനങ്ങളിലെയും കണക്ഷനുകൾ പുനഃസ്ഥാപിക്കാനും കേടായ ട്രാൻസ്ഫോർമറുകൾ നന്നാക്കാനും ഒരാഴ്ചയായുള്ള കെഎസ്ഇബി ജീവനക്കാരുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഓണാവധിക്കാലത്തും തുടരുന്നു. തൃശൂർ ജില്ലയിൽ 1601 ട്രാൻസ്ഫോർമറുകൾ കേടായതിനെത്തുടർന്ന് 4,48,686 വൈദ്യുതി കണക്ഷനുകളാണ് ഈ മാസം 15 മുതൽ തകരാറിലായത്. 157 ട്രാൻസ‌്ഫോർമറുകളിലായി 31,200 കണക്ഷനുകൾ പുനഃസ്ഥാപിക്കാനുണ്ടെന്ന് തൃശൂർ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസാദ് മാത്യു 'ദേശാഭിമാനി'യോടു പറഞ്ഞു. 
 കൂടുതൽ വൈദ്യുതിത്തകരാറുണ്ടായത് ചാലക്കുടി, മാള ഉൾപ്പെടുന്ന ഇരിങ്ങാലക്കുട സർക്കിളിലാണ്. അവിടെ 811 ട്രാൻസ്ഫോർമറുകൾക്കു കീഴിൽ 2,35,000 കണക്ഷനുകളാണ് കേടായത്. ഇനിയും 150 ട്രാൻസ്ഫോർമറുകൾ ചാർജ്ജ‌് ചെയ്യാനുണ്ട്. 30,000 പേരുടെ വൈദ്യുതി കണക്ഷനുകളും പുനഃസ്ഥാപിക്കണം. തൃശൂർ സർക്കിളിൽ 890 ട്രാൻസ്ഫോർമറുകൾക്കു കീഴിൽ 2,13,686 പേരുടെ കണക്ഷനുകൾ കേടായിരുന്നു. ഏഴ് ടാൻസ്ഫോർമറുകൾകൂടി ചാർജ് ചെയ്യുകയും 1200 പേരുടെ കണക്ഷനുകൾ പുനഃസ്ഥാപിക്കുകയും വേണം. ഇരിങ്ങാലക്കുടയിലെ പലയിടങ്ങളിലും ലൈനുകൾ തകരുകയും വെള്ളം കയറുകയും ചെയ്തതിനാൽ പൂർണമായും ശരിയാക്കാൻ ഒരാഴ്ചകൂടി വേണം. തൃശൂർ സർക്കിളിൽ ശനിയാഴ്ചത്തോടെ ഭൂരിഭാഗം കണക്ഷനുകളും ശരിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. 
ഇരിങ്ങാലക്കുട സർക്കിളിലെ മാള, പുത്തൻവേലിക്കര, അന്നമനട, കുഴൂർ, പരിയാരം, ചാലക്കുടി മേഖലയിലാണ് കൂടുതൽ വൈദ്യുതിത്തകരാർ ഉണ്ടായത്. ഇവിടങ്ങളിൽ 500 കെവി, 250 കെവി, 100 കെവി നിരവധി ട്രാൻസ്ഫോർമറുകൾ കേടായി. 11 കെവി പോസ്റ്റുകളും എൽടി ലൈനുകളും ഉൾപ്പെടെ ഒലിച്ചു പോയി.  തൃശൂർ സർക്കിളിൽ വാടാനപ്പിള്ളി, പഴുവിൽ, ചാവക്കാട്, ഏങ്ങണ്ടിയൂർ, നടത്തറ, പട്ടിക്കാട്, വടക്കാഞ്ചേരി, തിരുവില്വാമല, ചേലക്കര സെക്ഷനുകളിലാണ് കൂടുതൽ വൈദ്യുതിത്തകരാറുണ്ടായത്. 
ജില്ലയിലെ കെഎസ്ഇബി ഓഫീസർമാർ, ജീവനക്കാർ, കരാർത്തൊഴിലാളികൾ ഉൾപ്പെടെ അയ്യായിരത്തോളം  പേർ ഒരാഴ്ചയായി വൈദ്യുതി തകരാർ പരിഹരിക്കാൻ കർമരംഗത്താണ്. ആന്ധ്രാപ്രദേശ് വൈദ്യുതി ബോർഡിൽനിന്ന് ചീഫ് എൻജിനിയർ കെ നന്ദകുമാറിന്റെ നേതൃത്വത്തിൽ അഞ്ചു സംഘങ്ങളിലായി 200 ജീവനക്കാരാണ്  തൃശൂരിലെത്തിയത്. അവർ ചാലക്കുടി മേഖലയിലടക്കം കർമനിരതരാണ്.  കർണാടക വൈദ്യുതി ബോർഡ് തൃശൂരിലേക്ക് മാത്രം 100 പുതിയ ട്രാൻസ്ഫോർമറുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് വൈദ്യുതി സാമഗ്രികൾ അടുത്ത ദിവസം എത്തും. കണ്ണൂരിൽനിന്ന് 30 കെഎസ്ഇബി ജീവനക്കാരും കാസർകോട്ടുനിന്ന്  20 ജീവനക്കാരും തൃശൂരിനെ സഹായിക്കാനെത്തി. ഇരിങ്ങാലക്കുട സർക്കിളിൽ കൂടുതൽ പണികൾ അവശേഷിക്കുന്നതിനാൽ തൃശൂർ സർക്കിളിലെ നിരവധി ജീവനക്കാരും ഇരിങ്ങാലക്കുടയിലെ വിവിധ മേഖലകളിലേക്ക് പോയി. തിരുവോണ ദിവസവും നൂറുകണക്കിനു ജീവനക്കാരാണ് കർമനിരതരാവുക. ഇരിങ്ങാലക്കുട സർക്കിളിൽ ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് താഴാത്തത് പണിക്ക് തടസ്സമായിട്ടുണ്ട്. 
പ്രളയത്തിൽ തൃശൂരിലെ വൈദ്യുതി മേഖലയ‌്ക്കുണ്ടായ  സാമ്പത്തികനഷ്ടം പൂർണമായി തിട്ടപ്പെടുത്തുന്നതേയുള്ളൂ. അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top