Top
27
Saturday, May 2017
About UsE-Paper

വേനലില്‍ വറ്റാതെ മടിക്കൈയിലെ 'വെള്ളപ്പൊയ്ക'

Saturday May 20, 2017
ടി കെ നാരായണന്‍
മടിക്കൈ കണിച്ചിറ പാടശേഖരം
കാഞ്ഞങ്ങാട് > നാട് വരണ്ടുണങ്ങുമ്പോള്‍ കുളിരണിയുന്ന ജലസമൃദ്ധിയുമായി മടിക്കൈ. കാലവര്‍ഷം വേണ്ടത്ര പെയ്യാതിരുന്നിട്ടും വേനല്‍ മഴ ചതിച്ചിട്ടും മടിക്കൈക്കാര്‍ വെള്ളമില്ലെന്ന് വേവലാതിപ്പെടുന്നില്ല. കത്തുന്ന ചൂടിലും വറ്റാത്ത തെളിനീരുറവകളായ മടിക്കൈയിലെ വെള്ളപ്പൊയ്കകള്‍ വേറിട്ട ജലസംരക്ഷണത്തിന്റെ നിറകുടങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലൂടെ ലഭ്യമായ ജലസമൃദ്ധിയെ പാഴാകാതെ നോക്കിയതാണ് മടിക്കൈയുടെ മിടുക്ക്. എല്ലാവര്‍ക്കും മാതൃകയായ  ജലസാക്ഷരതയുടെ കരുത്തും ഇതിനുപിന്നിലുണ്ട്. മഴവെള്ളക്കൊയ്ത്തും പള്ളം സംരക്ഷണ പ്രവര്‍ത്തനങ്ങളും വാട്ടര്‍ഷെഡ് പദ്ധതികളും മടിക്കൈയുടെ ഈര്‍പ്പമായി. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും തുടക്കംമുതല്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ മടിക്കൈയില്‍ നടപ്പാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മഴയില്ലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കരുത്തായത്.
 അരയി ഭാഗത്തുകൂടി ഒഴുകുന്ന പുഴ കൂടാതെ മറ്റൊന്നുകൂ ടി ഇതുമായി ചേര്‍ന്നൊഴുകിയിരുന്നെന്നാണ് മടിക്കൈക്കാരുടെ വിശ്വാസം. പന്നിപ്പള്ളം മുതല്‍ കണിച്ചിറ വരെയുള്ള പള്ളങ്ങളാണ് ഈ വിശ്വാസത്തിനാധാരം. മടിക്കൈയുടെ ജലസമ്പന്നതയുടെ പേരും പെരുമയും ഇവിടങ്ങളിലെ നാടിന്റെ പേരുമായി ബന്ധപ്പെട്ടതാണ്. കുളം, ചിറ, കാല്‍, തോട് തുടങ്ങി ജലവുമായി ഇഴചേര്‍ന്നതാണ് പേരുകള്‍ ഏറെയും. വെള്ളച്ചേരി, കനിങ്കുണ്ട്, ചിറക്കാല്‍, മുട്ടംചിറ, കാലിക്കടവ്, പോത്തംകൈ, കണ്ടംകുട്ടിചാല്‍, തോട്ടിനാട്, ഒറവില്‍, കണിച്ചിറ, നീരളി, അഴകുളം, വെള്ളൂട, നൂഞ്ഞി, നാര, മണക്കടവ്, കൊരന്തുമൂല, മണക്കടവ്, ഏച്ചിക്കാനം, കാരക്കോട്, ആറ്റിപ്പില്‍, വാഴവളപ്പ്, കരുവാക്കൈ, ചാളക്കടവ്, വട്ടത്തോട് എന്നിങ്ങനെയാണ് സ്ഥലനാമങ്ങള്‍. 
ഭൂഗര്‍ഭജലം നിലനിര്‍ത്തുന്ന നെല്‍വയലുകള്‍ മടിക്കൈയുടെ കാര്‍ഷിക സംസ്കാരം  വിളിച്ചോതുന്നു. നെല്‍വയലുകള്‍ നികത്തപ്പെട്ടതും കുന്നുകള്‍ ഇല്ലാതായതും കാടുകള്‍ വെട്ടിനശിപ്പിച്ചതും ക്വാറികള്‍ വ്യാപകമായതും സമീപ പഞ്ചായത്തുകളിലെ വരള്‍ച്ചക്കും ജലക്ഷാമത്തിനും കാരണമായതായും മടിക്കൈ തിരിച്ചറിയുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ പറഞ്ഞു.