Top
27
Saturday, May 2017
About UsE-Paper

ഹര്‍ത്താലിന്റെ മറവില്‍ മൂലങ്കാവില്‍ കോണ്‍ഗ്രസ്സ് ആക്രമണം

Friday May 19, 2017
വെബ് ഡെസ്‌ക്‌


ബത്തേരി > ഹര്‍ത്താലിന്റെ മറവില്‍ മൂലങ്കാവില്‍ കോണ്‍ഗ്രസ്സ് അക്രമണം. സിപിഐ എം ലോക്കല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു മൂലാങ്കാവ് ടൌണില്‍ കോണ്‍ഗ്രസ്സുകാര്‍ അഴിഞ്ഞാടിയത്. പരിക്കേറ്റ മൂലാങ്കാവ് ലോക്കല്‍ സെക്രട്ടറിയും കര്‍ഷകസംഘം ബത്തേരി ഏരിയാ പ്രസിഡന്റുമായ ടി കെ ശ്രീജന്‍ (42), ചേലമ്പറ്റ ബ്രാഞ്ച് സെക്രട്ടറി മേജോ (38) പാര്‍ടി പ്രവര്‍ത്തകന്‍ രാജേഷ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. തോളെല്ലു പൊട്ടിയ ടി കെ ശ്രീജനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കമ്പിവടി, കല്ല് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.
വ്യാഴാഴ്ച രാവിലെ മുതല്‍ ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ്സുകാര്‍ മൂലങ്കാവില്‍ അഴിഞ്ഞാടുകയായിരുന്നു. റോഡില്‍ മരവും കല്ലും പൈപ്പുകളുമിട്ട് മാര്‍ഗതടസ്സം സൃഷ്ടിച്ച ഇവര്‍ വാഹനയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ബലമായി പണം വാങ്ങിയതിന് ശേഷമാണ് കടത്തിവിട്ടത്. വൈകിട്ട് അഞ്ചോടെ ടൌണിലെത്തിയ ശ്രീജനെ ആലി, മുസ്തഫ, മന്‍സൂര്‍, താഹിര്‍, മൂസ എന്നിവരുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ശ്രീജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേജോയ്ക്കും രാജേഷിനും പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് മൂലങ്കാവില്‍ സിപിഐ എം നേതൃത്വത്തില്‍ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ബേബി വര്‍ഗീസ്, ജില്ലാ കമ്മിറ്റിയംഗം വി വി ബേബി, എം ബാബു, റജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കന്‍, വി വി ബേബി, ബേബി വര്‍ഗീസ്, കെ ഷമീര്‍ എനിവര്‍ സന്ദര്‍ശിച്ചു. സിപിഐ എം നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂലങ്കാവ് ടൌണില്‍ സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും.