22 September Saturday

കോടിയേരി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

തിരുവനന്തപുരം കാലടി ഗവ. എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ദുരിതബാധിതരോട്‌ സംസാരിക്കുന്നു. കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ, ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാനകമ്മിറ്റി അംഗം വി ശിവൻകുട്ടി തുടങ്ങിയവർ സമീപം

തിരുവനന്തപുരം
മഴക്കെടുതിയിൽ വീടുകൾ നശിച്ചും വെള്ളംകയറിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ സന്ദർശിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ ക്യാമ്പുകളിലാണ‌് വെള്ളിയാഴ‌്ച വൈകിട്ട‌് കോടിയേരി സന്ദർശനം നടത്തിയത‌്. ക്യാമ്പുകളിലെത്തിയ കോടിയേരി അവിടെ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 
 
വീടുകൾ നാശമായതിന്റെ ദുഃഖമുണ്ട‌്, ക്യാമ്പുകളിൽ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട‌്﹣ ദുരിതബാധിതർ കോടിയേരിയോട‌് പറഞ്ഞു. ഭക്ഷണവും കിടക്കാൻ പായും പുതപ്പും വസ‌്ത്രങ്ങളും കിട്ടിയെന്നും യഥാസമയം ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കുന്നുണ്ടെന്നും രണ്ടുനേരവും ഡോക്ടർമാർ വന്ന‌് പരിശോധിക്കുന്നുണ്ടെന്നും ക്യാമ്പുകളിൽ കഴിയുന്നവർ പറഞ്ഞു. വെള്ളം പൂർണമായി ഇറങ്ങിയിട്ട‌് വീടുകളിലേക്ക‌് മടങ്ങിയാൽമതിയെന്നും വീടുകൾ വൃത്തിയാക്കാൻ അതത‌് പ്രദേശങ്ങളിലെ സിപിഐ എം പ്രവർത്തകർ സഹായിക്കുമെന്നും കോടിയേരി ആശ്വസിപ്പിച്ചു. വൈദ്യപരിചരണം ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക‌് മാറ്റാൻ അദ്ദേഹം സിപിഐ എം പ്രവർത്തകർക്ക‌് നിർദേശം നൽകി. 
 
കൊഞ്ചിറവിള യുപി സ‌്കൂൾ, കാലടി ഗവ. എൽപി സ‌്കൂൾ, മുടവൻമുഗൾ എൽപി സ‌്കൂൾ, പാറ്റൂർ വിദ്യാധിരാജ സ‌്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ കോടിയേരി സന്ദർശിച്ചു. ദുരന്തമനുഭവിക്കുന്ന ജില്ലകളിൽ വിതരണം ചെയ്യുന്നതിന‌് ഭക്ഷണസാധനങ്ങളും തുണിത്തരങ്ങളും മരുന്നും വെള്ളവുംമറ്റും സ്വീകരിക്കുന്ന തിരുവനന്തപുരം എസ‌്എംവി സ‌്കൂളിലും കോടിയേരി സന്ദർശനം നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top