20 May Sunday
സി ടി ബിജു രക്തസാക്ഷി ദിനാചരണം

ആർഎസ്എസിന്റെ ഓരോ കൊലയും അടുത്തതിന്റെ റിഹേഴ്സൽ: ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

സി ടി ബിജു രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച‌് നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി
മനുഷ്യത്വത്തിന് തരിമ്പുപോലും വില കല്പിക്കാത്ത ഫാസിസ്റ്റ‌് സംഘടനയാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പറഞ്ഞു. അവർ നടത്തുന്ന ഓരോ കൊലപാതകങ്ങളും അനവധി കൊലപാതകങ്ങളുടെ റിഹേഴ്സലാണ്. ആർഎസ്എസ് കാപാലികർ അരുംകൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് സി ടി ബിജുവിന്റെ എട്ടാം രക്തസാക്ഷിദിനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കൊല ചെയ്യപ്പെട്ടപ്പോൾ മധുര പലഹാരം വിതരണം ചെയ്തവരുടെ അനന്തരാവകാശികളാണ് ആർഎസ്എസുകാർ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടു മാത്രമാണ് എൻഡിഎക്ക് നേടാനായത്. ബിജെപിക്ക് വെറും 31 ശതമാനവും. ബഹു ഭൂരിപക്ഷം വരുന്ന വോട്ടുകൾ വിഭജിച്ചുപോയതിനാലാണ് നരേന്ദ്രമോഡിക്ക് അധികാരത്തിൽ കയറാനായത്. ഇവർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിലൂടെ ബഹുജനങ്ങളുടെ ഐക്യ പ്രസ്ഥാനം വളർത്തിയേ ബിജെപിയെ തറപറ്റിക്കാനാവൂ. അതിനു കഴിയുക ചെങ്കൊടിയുടെ പ്രസ്ഥാനത്തിനു മാത്രമാണ്. കോൺഗ്രസിന്റെ രാഷ്ടീയ നിലപാടുകൾ ബിജെപിക്ക് സഹായകമാണെന്നും  ബേബിജോൺ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെ പിച്ചിച്ചീന്താനാണ് ബിജെപി ശ്രമിക്കുന്നത്. ജൂഡീഷ്യറിയെ തന്നിഷ്ടപ്രകാരം കീഴ്പ്പെടുത്തുകയാണ്. സംസ്ഥാന ഗവർണർമാർ നരേന്ദ്രമോഡിയുടെ ചെല്ലപ്പെട്ടി ചുമക്കുന്ന കാര്യസ്ഥരായി അധഃപതിച്ചുവെന്നും ബേബിജോൺ പറഞ്ഞു. 
കുമ്പളങ്ങാട് സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ കമ്മിറ്റിയംഗം മേരി തോമസ് എന്നിവർ സംസാരിച്ചു. 
കെ പി മദനൻ സ്വാഗതവും ടി ആർ രജിത്ത‌് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി ചുവപ്പുസേനാ പരേഡും ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നടന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top