19 January Saturday

രാജ്യം ഭരിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നവർ: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 16, 2018
മടിക്കൈ
ഭരണഘടനയെ വെല്ലുവിളിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.  മടിക്കൈ മേക്കാട്ട് കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്. 
ഇന്ത്യൻ ഭരണഘടന അപകടകരമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്സാണ് ഭരണം നിയന്ത്രിക്കുന്നത്. മനുസ്മൃതിയെ ഉൾക്കൊള്ളാത്ത ഭരണഘടനയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നാണ് ആർഎസ്എസ് നിലപാട്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യത്തെ ഭരണഘടനയിൽ എന്തിനാണ്  മതേതരത്വമെന്ന് ചോദിച്ചത് പാർലമെന്റിലാണെന്ന് ഓർക്കണം. ഭരണഘടനയെ തകർത്താൽ മാത്രമെ ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കാനാവുകയുള്ളൂ. അതിനുള്ള നീക്കങ്ങളാണ് സംഘപരിവാർ നടത്തുന്നത്. 
ഭരണഘടനയല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞാണ് സംഘപരിവാർ ശബരിമലയുടെ പേരിൽ സമരം നടത്തുന്നത്. നിർഭാഗ്യവശാൽ മതേരത്വം പറയുന്ന കോൺഗ്രസും ഇതിനെ പിന്തുണക്കുകയാണ്. കോടതി വിധിയുടെ മറവിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനാണ് സംഘപരിവാർ സമരം. ഇതിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമാക്കി മാറ്റുകയാണ്. 
വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യ, ഇന്ത്യയായി നില നിൽക്കണമോ എന്ന് നിശ്ചയിക്കുന്നതാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടിന്റെ ബലത്തിൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ ഭീഷണിയായിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആൾകൂട്ടക്കൊലപാതകം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻപന്തിയിലാണ്. ഇഷ്ട ഭക്ഷണം കഴിച്ചതിനും വസ്ത്രം ധരിച്ചതിനുമാണ് അഖ‌് ലാക്കും  ജുനൈദും ആൾക്കൂട്ടക്കൊലക്കിരയായത്. കൊല്ലപ്പെടുന്നവർ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും ദളിതരുമാണ‌്.   മത സാമുദായിക വർഗീയതയെ കേന്ദ്രസർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയിൽ നിന്ന്  പിന്നോട്ടു പോകുന്ന സർക്കാർ  വിദ്യാഭ്യാസം പണക്കാർക്ക് മാത്രമായി ചുരുക്കുകയാണ്. യുജിസിയെ തകർക്കുകയും സർവകലാശാലകളുടെ സ്വാതന്ത്ര്യം  നിഷേധിക്കുകയുമാണ്. ഇതിനെതിരായ  ചെറുത്തു നിൽപ് ആവേശകരമാണ്–- റിയാസ‌് പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top