21 November Wednesday

വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ:ദുരൂഹതയേറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
തിരുവനന്തപുരം
വിമാനത്താവളത്തിൽനിന്ന‌് യാത്രക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന‌് കൂടുതൽ വ്യക്തത തേടി പൊലീസ‌്. സംഭവത്തിനു പിന്നിൽ അന്തർ സംസ്ഥാന മാഫിയാ ബന്ധം സ്ഥിരീകരിച്ചെങ്കിലും പിടിയിലായവർ പറയുന്ന കാര്യങ്ങളെക്കുറിച്ച‌് വ്യക്തത ലഭിക്കാത്തത‌് പൊലീസിനെ കുഴപ്പിക്കുന്നു. 
കഴിഞ്ഞമാസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മംഗലാപുരം സ്വദേശികളായ യുവതികളെ കസ‌്റ്റംസ‌് ഉദ്യോഗസ്ഥർ എന്ന വ്യാജേന കാറിൽ കടത്താൻ ശ്രമിച്ച കേസിലാണ‌് അഞ്ചുപേരെ വലിയതുറ പൊലീസ‌് പിടികൂടിയത‌്. പെരുമ്പാവൂർ സ്വദേശികളായ അനസ് (33), നൗഫൽ (28), ഇബ്രാഹിംകുട്ടി (41), ആലുവ സ്വദേശികളായ നിഷിൽ (34), സുലൈമാൻ (53) എന്നിവരാണ‌് പിടിയിലായത‌്. യുവതികൾക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട‌് സ്വദേശി നിസാർ എന്നയാളാണ‌് പരാതിക്കാരൻ. യുവതികളുടെ പക്കൽ കള്ളക്കടത്ത‌് സ്വർണം ഉണ്ടായിരുന്നെന്നും അത‌് തട്ടിയെടുക്കാനാണ‌് ഇരുവരെയും കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നുമാണ‌് പ്രതികളുടെ വെളിപ്പെടുത്തൽ. എന്നാൽ, യുവതികളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന‌് പറയപ്പെടുന്ന സ്വർണം എവിടെയെന്നത‌് ദുരൂഹമായി തുടരുന്നു. യുവതികളുടെ പക്കൽ സ്വർണം ഇല്ലായിരുന്നുവെന്ന‌ാണ‌് പരാതിക്കാരൻ പൊലീസിനോട‌് പറയുന്നത‌്. തട്ടിക്കൊണ്ടുപോകലിന‌് മാത്രമാണ‌് പൊലീസ‌് കേസെടുത്തിട്ടുള്ളത‌്. 
കസ‌്റ്റംസുകാരെ വെട്ടിച്ച‌് പുറത്തുകടത്തുന്ന സ്വർണം ഇതിനുമുമ്പും ഈ സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പൊലീസ‌ിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. എറണാകുളത്തും കോഴിക്കോട‌്‐ കൊടുവള്ളിയിലും പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം സ്വർണം തട്ടിക്കൊണ്ടു പോയിട്ടുള്ളതായാണ‌് വിവരം.
സ്വർണം കള്ളക്കടത്ത‌ുന്നവർ ആരാണെന്ന‌് മുൻകൂട്ടി വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ‌് ഇവരുടെ ഓപ്പറേഷൻ. കേരളത്തിലെ മൂന്ന‌് അന്തർദേശീയ വിമാനത്താവളത്തിലും ഇവരുടെ സംഘാംഗങ്ങളുണ്ട‌്. തിരുവനന്തപുരത്ത‌് നടത്താൻ ശ്രമിച്ച  ഒാപ്പറേഷനിൽ മംഗലാപുരം, ആര്യനാട‌് എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളും ഉൾപ്പെട്ടിട്ടുണ്ട‌്. യുവതികൾ മംഗലാപുരം സ്വദേശികളായതിനാൽ അവിടെയുള്ള സംഘം ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതാണെന്നാണ‌് അറിയുന്നത‌്. 
പിടിയിലായവർ അന്നേദിവസം വിമാനത്താവളത്തിനുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ‌് കണ്ടെത്തി. ആര്യനാട‌ുള്ള സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടതായും സൂചനയുണ്ട‌്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു. കേസിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top