12 December Wednesday

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും വനിതകൾക്കും വൻ പദ്ധതികൾ

സ്വന്തം ലേഖകൻUpdated: Thursday Nov 15, 2018
 
കോവളം 
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി കോടികളുടെ നൂതനപദ്ധതികൾ തയ്യാറായി. വകുപ്പിനുകീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ(സാഫ്) മുഖാന്തരമാണ് പദ്ധതികൾ ഒരുക്കിയത്. പദ്ധതികളുടെ ഭാഗമായുള്ള തീരമൈത്രി കുടുംബസംഗമവും  ഭൂമിയും വീടും പദ്ധതിയുടെ താക്കോൽദാനം, ക്ഷേമ പദ്ധതികളുടെ ധനസഹായവിതരണം തുടങ്ങിയ പരിപാടികൾ വിഴിഞ്ഞം അശ്വതി ഓഡിറ്റോറിയത്തിൽ വെളളിയാഴ്ച രാവിലെ 10ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യും.
ഭൂമിയും വീടും പദ്ധതിക്കായി 10 ലക്ഷം രൂപ വീതമാണ് ചെലവാക്കിയത്.  40 ഭവനങ്ങളാണ് താക്കോൽദാനത്തിനായി ഒരുങ്ങിയത്. കലക്ടർ, ലാൻഡ‌് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ, ഫീഷറീസ് വകുപ്പ്ഫിനാൻസ് ഓഫിസർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് ഭൂമി വാങ്ങലിന്റെയും  ഭവന നിർമാണത്തിന്റേയും ചുമതല വഹിക്കുന്നത്.
2008 മുതൽ തുടക്കമിട്ട സാഫി-ലെ എല്ലാ യൂണിറ്റിലെയും കുടുംബസംഗമവും വെള്ളിയാഴ്ച നടക്കും. മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളുടെ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്യും. 
ടെയ‌്‌ലറിംഗ്  യൂണിറ്റുകൾ ,മില്ലുകൾ, അച്ചാർ നിർമാണ യൂണിറ്റുകൾ, ഉണക്കമീൻ സംസ്കരണ യൂണിറ്റുകൾ, ടെക്സ്റ്റൈൽ യൂണിറ്റുകൾ, തീര മാവേലി സ്റ്റോറുകൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് ഫണ്ട് വിതരണം. റിവോൾവിംഗ്  ഗ്രാന്റായി ഓരോ യൂണിറ്റിനും 75000 രൂപയും  സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി 25000 രൂപയും  വിതരണം ചെയ്യും. ബാങ്ക് വായ്പകൾക്ക് സൊസൈറ്റി  12 ശതമാനം  പലിശ നൽകും. നഷ്ടം സംഭവിച്ചാൽ മറ്റ് സംരംഭങ്ങളിലേക്ക് മാറുവാൻ 50ശതമാനം വരെ സബ്സിഡി അനുവദിക്കും. ഓരോ യൂണിറ്റിനും അനുവദിക്കുന്ന മൂന്ന് ലക്ഷം രൂപയുടെ 80 ശതമാനവും സബ്സിഡിയായി അനുവദിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top