13 December Thursday
വസന്തയും കൂട്ടരും എത്തി

ഓർമയിൽ തെളിഞ്ഞു,കിള്ളിയാറിന്റെ നല്ലകാലം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

മൂഴിയിൽ വസന്ത, വാസന്തി, സാവിത്രി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു

തിരുവനന്തപുരം > 'ഈ ആറ്റിലെ വെള്ളമാ പണ്ട് ഞങ്ങൾ കുടിച്ചിരുന്നത്. പാചകം ചെയ്യാനും മറ്റെല്ലാ ആവശ്യങ്ങൾക്കും ഞങ്ങൾക്കാശ്രയം കിള്ളിയാറായിരുന്നു'. ഓർമകൾ ഒരു തെളിനീർ അരുവിയായപ്പോൾ വസന്തയുടെയും വത്സലയുടെയും  മനസ്സിൽ തെളിഞ്ഞു കിള്ളിയാറിന്റെ നല്ലകാലം. അറുപത് പിന്നിട്ട ഇരുവർക്കും പറയാനുണ്ടായിരുന്നതേറെയും ചെറുപ്പകാലത്ത് അനുഭവിച്ചറിഞ്ഞ  കിള്ളിയാറിന്റെ പെരുമ. കുളിക്കാനും കുടിക്കാനും എല്ലാം  വെള്ളം നൽകിയ കിള്ളിയാറിനെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല ഇരുവർക്കും. മാലിന്യം തൊട്ടുതീണ്ടാത്തതായിരുന്നു അന്നത്തെ കിള്ളിയാർ. ഇതിലെ വെള്ളം കുടിച്ചാ ഞങ്ങൾ വളർന്നത്. കിള്ളിയാറിനോടുള്ള ഇഷ്ടം  നല്ല വാക്കുകളായി ഇരുവരിൽനിന്നും ഒഴുകി. ഓർമകളിൽനിന്നും വർത്തമാനകാലത്തിലേക്ക് ഇരുവരും എത്തിയപ്പോൾ മുഖത്തെ ചിരിമാഞ്ഞു. വാക്കുകളിൽ ദേഷ്യം പതഞ്ഞു.  കുളിക്കാൻ പോയിട്ട് ഒന്നിറങ്ങാൻ പോലും അറയ‌്ക്കുന്ന അവസ്ഥയാ കിള്ളിയാറിൽ. ഈ സ്ഥിതിക്ക് മാറ്റംവരണം. അതിനാണ് കിള്ളിയാർ ശുചീകരിക്കുന്നത് എന്നറിഞ്ഞപ്പോൾ ഞങ്ങളും എത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വസന്തയും വത്സലയും ശുചീകരണയജ്ഞത്തിന്റെ തുടക്കംമുതൽ പങ്കാളിയായി. കിള്ളിയാർ ശുചീകരിക്കാൻ തയ്യാറായ സർക്കാരിന് ആയിരം പുണ്യം ലഭിക്കുമെന്ന് പറഞ്ഞാണ് ഇരുവരും പ്രവൃത്തി പൂർത്തിയാക്കി കരയ‌്ക്ക് കയറിയത്.  അവർ കരയ‌്ക്ക് കയറുമ്പോഴേക്കും മൂഴിയിൽ പഴയപോലെ കിള്ളിയാർ ഒഴുകാൻ ആരംഭിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top