13 December Thursday

പൊതു വിദ്യാലയങ്ങളിൽ പ്രവേശനം വർധിച്ചു ഡോക്യുമെന്ററിയുമായി സ്‌കൂളുകൾ ജനങ്ങളിലേക്ക്

സ്വന്തം ലേഖകൻUpdated: Sunday Apr 15, 2018
കാസർകോട് > സാധാരണ അവധിക്കാലത്തിന്റെ ആദ്യനാളുകളിൽ സ്‌കൂളുകളിൽ ഏറെ തിരക്കുണ്ടാകില്ല. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെട്ടതോടെ, പുതിയ ക്ലാസ്സുകളിലേക്കുള്ള പ്രവേശനവും മറ്റുമായി ഇപ്പോഴേ വിദ്യാലയങ്ങൾ സജീവമായി. അൺ എയ്ഡഡ് സ്‌കൂളുകളെ വെല്ലുന്ന വിധത്തിൽ സൗകര്യങ്ങളൊരുക്കിയ പൊതു വിദ്യാലയങ്ങൾ അവ ഡോക്യുമെന്ററിയാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. 
വേനലവധിക്ക് പിരിഞ്ഞാൽ സ്‌കൂളുകളിൽ അറ്റകുറ്റപ്പണി മാത്രമായിരുന്നു നേരത്തെ നടന്നിരുന്നത്. പുതിയ പ്രവേശന നടപടികൾ ആരംഭിച്ചിരുന്നത് മെയ് രണ്ടാംവാരത്തോടെയായിരുന്നു. എന്നാൽ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ടതോടെ സ്ഥിതി മാറി.  അടുത്ത അധ്യയനവർഷത്തിലേക്കുള്ള പുസ്തകങ്ങൾ സർക്കാർ നേരത്തെ തന്നെ സ്‌കൂളുകളിൽ എത്തിച്ചു. ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയവർക്ക് ഇവ നൽകിത്തുടങ്ങിയത്, കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആഹ്ലാദഭരിതരാക്കി. 
പൊതു വിദ്യാലയങ്ങളെല്ലാം സ്മാർട്ടായി തുടങ്ങിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നുണ്ട്. സർക്കാർ ഫണ്ടിനു പുറമേ എംഎൽഎമാരുടെയും എംപിയുടെയും പ്രാദേശിക വികസന നിധികളിൽനിന്നുള്ള ഫണ്ടും ക്ലാസ്‌മുറികളെ ഹെടെക്കാക്കാൻ ഉപയോഗിക്കുന്നുണ്ട്. അടുക്കത്തുബയൽ ജിയുപി സ്‌കൂൾ ഇതിൽ മാതൃകയായി. സ്‌കൂളിലെ 32 ക്ലാസ്സ് മുറികൾ സ്മാർട്ടാക്കിയത് അധ്യാപകരും നാട്ടുകാരും ചേർന്നാണ്. മുഴുവൻ ക്ലാസ്സ് മുറികളിലേക്കുമുള്ള ലാപ്‌ടോപ്പുകൾ അധ്യാപകരുടെ സംഭാവനയാണ്. തക്കാരം എന്ന പേരിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചും രംഗോലി വാർഷികവും ഒരുക്കി ജനകീയ പങ്കാളിത്തം സ്‌കൂൾ വികസന പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്താനും അടുക്കത്തുബയൽ സ്‌കൂൾ ശ്രദ്ധിച്ചിരുന്നു. ഇത് പുതിയ പ്രവേശനത്തിന് വരുന്നവരുടെ എണ്ണം വർധിപ്പിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു. 
അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനവും പൊതുവിദ്യാലയങ്ങളിലെ പ്രവേശനം വർധിക്കാൻ കാരണമായി. 
പൊതുവിദ്യാലയങ്ങളുടെ പ്രത്യേകതകൾ വിവരിച്ചുള്ള ഡോക്യുമെന്ററികൾ ഒരുക്കി അവ സമുഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും ചില വിദ്യാലയങ്ങൾ വിദ്യാലയങ്ങളെയും രക്ഷിതാക്കളെയും ആകർഷിക്കാനൊരുങ്ങുകയാണ്. 
അടുക്കത്ത്ബയൽ ജിയുപിയുടെ ഡോക്യുമെന്ററി അണിയറയിലാണ്. വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഒപ്പം യൂട്യൂബിലൂടെയും വീഡിയോ പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധ്യാപകനും സംവിധായകനുമായ അശോകൻ കുണിയേരി പറഞ്ഞു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും ഡോക്യുമെന്റി ഒരുക്കും. എസ് കെ ഷോണിത്താണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത്. ശബ്ദം അധ്യാപകനായ കെ സുബ്രഹ്മണ്യന്റെതാണ്.  
പ്രധാന വാർത്തകൾ
Top