25 September Tuesday

നാട‌് വറ്റി; ആർ ബ്ലോക്ക‌ിൽ ഇപ്പോഴും പ്രളയജലം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

വെള്ളമിറങ്ങാത്ത ആർ ബ്ലോക്കിലെ വീടുകളിലൊന്ന്‌

 

ആലപ്പുഴ
കൈനകരിയിലെ ആർ ബ്ലോക്കിൽ പ്രളയം വിട്ടൊഴിയുന്നില്ല. കായൽജലനിരപ്പിനെക്കാൾ ഒന്നരയടിയോളം ഉയരെയാണ‌് ഇവിടെ വെള്ളം.  കൈനകരി 90 ശതമാനവും കരകയറ്റിയതോടെ ചില പമ്പുകൾ ആർ ബ്ലോക്കിലേക്ക‌് മാറ്റിയിട്ടുണ്ട‌്. വെള്ളിയാഴ‌്ച പമ്പിങ‌് തുടങ്ങുമെന്നാണ‌് സൂചന. വെള്ളപ്പൊക്കം അവസാനിക്കാത്തതിനാൽ ആർബ്ലോക്കിലെ ആകെയുള്ള 31 കുടുംബങ്ങളെയും സർക്കാർ ഏറ്റെടുത്തിരുന്നു. സ‌്കൂളുകളിലെ ദുരിതാശ്വാസക്യാമ്പുകൾ അവസാനിപ്പിച്ചതിനാൽ എല്ലാവരെയും ജില്ലാപഞ്ചായത്തിന്റെ ജെൻഡർപാർക്കിലാണ‌് താമസിപ്പിക്കുന്നത‌്. അഞ്ച‌് കുടുംബങ്ങൾ ആർബ്ലോക്കിലേക്ക‌് മടങ്ങി‌. സിപിഐ എം തകഴി ഏരിയാകമ്മിറ്റിയംമായ ‌എ ഡി കുഞ്ഞച്ചൻ,  ഗിരീഷ‌്ഭവനിൽ ജി ഹരിദാസ‌്,  സുലഭ വിലാസത്തിൽ ചന്ദ്രമോഹൻ, പുതുച്ചിറയിൽ അനീഷ‌്, അനീഷ‌്ഭവനിൽ അജി എന്നിവരുടെ കുടുംബമാണ‌് മടങ്ങിയത‌്. ഇവരുടെ വീടുകളിൽ വെള്ളമിറങ്ങിയില്ലെങ്കിലും താൽക്കാലിക പാർപ്പിടസൗകര്യമൊരുക്കി കഴിയുകയാണ‌്.  കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ ആർബ്ലോക്ക‌് സ്വദേശി കായിക്കരയിൽ ശിവൻ മരിച്ചെങ്കിലും വെള്ളമിറങ്ങാത്തതിനാൽ വീട്ടിലെത്തിക്കാനായില്ല. കോട്ടയത്തുള്ള മകളുടെ വീട്ടുവളപ്പിൽ ശിവന്റെ മൃതദേഹം സംസ‌്കരിക്കുകയായിരുന്നു. 
1450 ഏക്കർ പാടശേഖരമുള്ള ആർബ്ലോക്ക‌് ഒമ്പത‌് മാസമായി വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നുണ്ട‌്.  ഇവിടെ വെള്ളം വറ്റിക്കാൻ സ്ഥിരമായി സ്ഥാപിച്ച പമ്പുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട‌് കൃഷിവകുപ്പ‌് ഉദ്യോഗസ്ഥർ മടക്കി കൊണ്ടുവരാത്തതാണ‌് സ്ഥിതി രൂക്ഷമാക്കിയതെന്ന‌് എ ഡി കുഞ്ഞച്ചൻ പറഞ്ഞു.  
    വീടുകളിൽ കഴിയാനാവാതെ പുറംബണ്ടുകളിൽ താൽക്കാലിക ഷെഡ‌് കെട്ടിയായിരുന്നു ആളുകളുടെ താമസം. പിന്നീട‌് അടുത്തടുത്തുണ്ടായ പ്രളയം ആർബ്ലോക്ക‌് മുക്കി. താൽക്കാലികഷെഡിലും താമസിക്കാനാകാതെ എല്ലാവരും ക്യാമ്പുകളിലേക്ക‌് മാറി. ഹോളണ്ട‌് മാതൃകയിൽ ജലനിരപ്പിന‌് താഴെ നെൽകൃഷി ചെയ്യാനായി 1948ൽ ആണ‌് ആർബ്ലോക്കിന‌് ചുറ്റും കരിങ്കല്ല‌് കെട്ടാൻ തുടങ്ങിയത‌്. ആറടി വീതിയിൽ മൊത്തം  12.5 കിലോമീറ്റർ കല്ലുകെട്ട‌് 56ൽ  പൂർത്തിയായി. ഇതിനൊപ്പം 40 അടി വീതിയിൽ ബണ്ടും നിർമിച്ചു. വർഷത്തിൽ രണ്ട‌് കൃഷി ചെയ്യാനായിരുന്നു ഇത‌്. 80ന‌് മുമ്പ‌് 116 കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചതോടെ പല കുടുംബങ്ങളും കരപറ്റുകയായിരുന്നു. കൈനകരിയിൽ പമ്പിങ‌് പൂർത്തിയാകുന്നതോടെ കൂടുതൽ പമ്പുകൾ ആർബ്ലോക്കിൽ എത്തിക്കുമെന്ന‌് ഇറിഗേഷൻ എക‌്സിക്യുട്ടീവ‌് എൻജിനീയർ ഹരൻ ബാബു പറഞ്ഞു.  കനകാശേരി, ചേന്നങ്കരി കിഴക്കുപാടം, കൂലിപ്പുരയ‌്ക്കൽ, മീനപ്പള്ളി, ആറുപങ്ക‌്, ചെറുകാലിക്കായൽ എന്നീ പാടശേഖരങ്ങളിലെ ജലനിരപ്പാണ‌് താഴ‌്ത്താനുള്ളത‌്. വിദേശത്തുനിന്ന‌് എത്തിച്ചതടക്കം 50 പമ്പുസെറ്റുകളാണ‌് കൈനകരിയിൽ ഉപയോഗിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top