18 June Monday

കേരളത്തിലെ പ്രധാന റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലാക്കും: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 കിളിമാനൂർ

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പ്രധാന റോഡുകളും അന്താരാഷ്ട്രനിലവാരത്തിൽ നവീകരിക്കാൻ എൽഡിഎഫ് സർക്കാർ  പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന നാലുപാതകളുടെ നവീകരണപ്രവൃത്തികളുടെ ഉദ്ഘാടനം വെള്ളല്ലൂർ ആൽത്തറ ജങ‌്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. 
 
നബാർഡ് ഫണ്ട് വിനിയോഗിച്ച് പത്ത്കോടി ചെലവിലാണ് മൊത്തം ഏഴര കിലോമീറ്റർ റോഡ് ആധുനിക ബിഎം ആൻഡ‌് ബിസി ടെക്‌നോളജിയിൽ ഹൈടെക്കാക്കുന്നത്. എൽഡിഎഫ് സർക്കാർ ഈ വർഷം 106502 കോടിരൂപയുടെ റോഡ‌് നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇപ്പോൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.  
2.7 കി.മീ. ദൈർഘ്യമുള്ള കളത്രമുക്ക് വെള്ളാപ്പള്ളി വെള്ളല്ലൂർ റോഡ്, 2.5 കി.മീ ദൈർഘ്യമുള്ള ആൽത്തറമൂട് ആലത്തുകാവ് റോഡ്, മാത്തയിൽ ഊന്നൻകല്ല് റോഡ്, കേശവപുരം ആശുപത്രി റോഡ് എന്നിവയാണ് ആധുനിക നിലവാരത്തിൽ പുതുക്കിപ്പണിയുന്നത്. നിലവിൽ 3 മീറ്റർമാത്രം വീതിയുള്ള ഈ പാതകൾ 5.5മീറ്റർ വീതിയിലാണ് പുതുക്കിപ്പണിയുന്നത്. ചടങ്ങിൽ പൊതുമരാമത്ത് സൂപ്രണ്ടിങ‌് എൻജിനിയർ വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം രഘു, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, ജി ഷീബ, കെ അനിൽകുമാർ, ലതികകുമാരി, നെടുമ്പറമ്പ് പി സുഗതൻ, എൻ രാജേന്ദ്രൻ, ശോഭ, അനൂപ്‌രാജ്, സുരേഷ്, സജിത, എസ് അനിത എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് ചീഫ് എൻജിനിയർ എം എൻ ജീവരാജ് സ്വാഗതവും എക്‌സി. എൻജിനിയർ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top