Top
23
Tuesday, January 2018
About UsE-Paper

തൃപ്തിയുടെ കരവിരുതില്‍ തളിരിടുന്ന സ്വപ്നങ്ങള്‍

Sunday Jan 14, 2018
സ്വന്തം ലേഖകന്‍
തൃപ്തി കരകൌശല ഉല്‍പ്പന്നങ്ങളുമായി ലോക കേരളസഭ പ്രദര്‍ശനമേളയില്‍
തിരുവനന്തപുരം > താന്‍ നിര്‍മിക്കുന്ന ആഭരണങ്ങളുടെ പൊന്‍തിളക്കമുണ്ട് തൃപ്തിയുടെ വാക്കുകള്‍ക്കും. കേന്ദ്രകരകൌശല മന്ത്രാലയത്തിന്റെ ആര്‍ട്ടിസന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് നേടിയ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡറെന്ന അഭിമാനത്തോടെയാണ് കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ തൃപ്തി തലസ്ഥാനത്ത് എത്തിയത്. ലോക കേരളസഭയുടെ ഭാഗമായി ഭാരത്ഭവനാണ് തൃപ്തിയുടെ ആഭരണ വില്‍പനമേള ഒരുക്കിയത്. ആര്‍ടിസന്‍സ് ഐഡി കാര്‍ഡ് ലഭിച്ചശേഷം തൃപ്തി തലസ്ഥാനത്ത് നടത്തുന്ന ആദ്യ മേളയായിരുന്നു ഇത്. 
 
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ആനിയാണ് തൃപ്തിയെ കരകൌശലമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 17 ദിവസത്തെ കോഴ്സില്‍ ആഭരണ- കരകൌശല നിര്‍മാണം സ്വായത്തമാക്കി. ഇഗ്നോ മേളയിലടക്കം താന്‍ നിര്‍മിച്ച ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. മനോഹരമായ ആഭരണങ്ങള്‍ക്കൊപ്പം കുപ്പിയും ചണച്ചാക്കും ചേര്‍ത്ത് കരകൌശല വസ്തുക്കളും തൃപ്തിയുടെ കരവിരുതില്‍ പൂര്‍ണത നേടുന്നു. 
 
ജീവിതയാത്രയില്‍ കയ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടിവന്നതെന്ന് തൃപ്തി പറയുന്നു. മുംബൈയിലും ചെന്നൈയിലും ജീവിക്കാന്‍ ഭിക്ഷയാചിക്കേണ്ടിവന്നു. ഭിക്ഷാടനത്തിലൂടെ ലഭിച്ച പണവുമായാണ് ബംഗളൂരുവില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. 2016മുതല്‍ എറണാകുളത്താണ് താമസം. കരകൌശലവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൌകര്യമൊരുക്കാന്‍ വായ്പയ്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് തണല്‍ കുടുംബശ്രീ അംഗമായ തൃപ്തി. സ്വന്തമായൊരു വീടും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ലഭിച്ചാല്‍ താന്‍പൂര്‍ണ തൃപ്തയാകുമെന്ന് തൃപ്തി പറയുന്നു. കൊച്ചിയിലാണ് അടുത്ത മേള. 
 
 

Related News

കൂടുതൽ വാർത്തകൾ »