25 April Wednesday

ഞാങ്ങളും മനുഷ്യരല്ലേ, ഞാങ്ങക്കും ജീവിക്കണ്ടേ'-

സ്വന്തം ലേഖകന്‍Updated: Sunday Jan 14, 2018

മാലോം വില്ലേജിലെ നമ്പ്യാര്‍മല മിച്ചഭൂമിയിലെ കുടികിടപ്പുകാരായ ആദിവാസി കുടുംബങ്ങള്‍

വെള്ളരിക്കുണ്ട് > ഞാങ്ങളും മനുഷ്യരല്ലേ, ഞാങ്ങക്കും ജീവിക്കണ്ടേ'-  ചോദിക്കുന്നത് കുടികിടപ്പ് ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മലയോരത്തെ ആദിവാസി കുടുംബങ്ങള്‍. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജില്‍പ്പെട്ട നമ്പ്യാര്‍മല, എടക്കാനം, കണ്ണീര്‍വാടി തുടങ്ങിയ മൂന്ന് കോളനികളിലെ 43 ആദിവാസി കുടുംബങ്ങളാണ് പട്ടയമോഹവുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
കോണോത്ത് നാരായണന്‍ നമ്പ്യാര്‍ എന്ന ജന്മി ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി മിച്ചഭൂമിയായി മാറ്റിവച്ച ഭൂമിയിലാണ് മൂന്ന് കോളനികളിലെയും ഭൂരഹിത കുടുംബങ്ങള്‍ കുടിലുകെട്ടി താമസം തുടങ്ങിയത്. മാലോം വില്ലേജില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈവശം വച്ച് കൃഷി ചെയ്ത് ജീവിക്കുന്ന ഈ കുടുംബങ്ങളെ പരിഗണിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. മാലോം ടൌണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ചെങ്കുത്തായ മല കയറിവേണം നമ്പ്യാര്‍മലയിലെത്താന്‍. അവിടെ 15 ആദിവാസി കുടുംബങ്ങളടക്കം 20 പേരാണ് 17 ഏക്കര്‍ വരുന്ന   മിച്ചഭൂമിയില്‍ കഴിയുന്നത്. 
ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ വീണ്ടും മല കയറിയാല്‍ എടക്കാനം കോളനിയിലെത്താം. അവിടെ ഒമ്പത് ആദിവാസി കുടുംബങ്ങളടക്കം 11 പേരാണ് ഏഴര ഏക്കറോളം വരുന്ന ഭൂമിയിലെ താമസക്കാര്‍. ഇവിടെനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് കണ്ണീര്‍വാടി. ഇവിടെയും ഏഴ് ആദിവാസി കുടുംബങ്ങളടക്കം 12 കുടുംബങ്ങള്‍ 11 ഏക്കര്‍ സ്ഥലത്ത് കൈവശക്കാരാണ്. മൂന്ന് പ്രദേശത്തെയും ഭൂമി ഒരേജന്മിയുടെ ഒരേ സര്‍വേനമ്പറിലുള്ളതാണ്. 
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് പതിച്ചു കൊടുക്കാന്‍ നടപടി തുടങ്ങിയിരുന്നെങ്കിലും പിന്നീട് വന്ന സര്‍ക്കാര്‍ തുടര്‍നടപടി എടുത്തില്ല. പട്ടയം ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. റബര്‍, തെങ്ങ്, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്താണ് ഇവരുടെ ജീവിതം. കൃഷി ഓഫീസില്‍നിന്ന് ഒരു ആനുകൂല്യവും നികുതി രസീത് ഇല്ലാത്തതിനാല്‍ ലഭിക്കുന്നില്ല. ബാങ്ക് വായ്പയും  ലഭ്യമല്ല. പട്ടയത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
 
 
പ്രധാന വാർത്തകൾ
Top