12 December Wednesday

താങ്ങാകാൻ ഞങ്ങളും

സ്വന്തം ലേഖകൻUpdated: Tuesday Nov 13, 2018

പുലയനാർകോട്ട കെയർഹോം അന്തേവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സ്വരൂപിച്ച 88888 രൂപയുടെ ചെക്ക്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ കൈമാറുന്നു

തിരുവനന്തപുരം
പ്രളയത്തിൽനിന്ന‌്‌ കരകയറുന്ന കേരളത്തിന‌് പുലയനാർകോട്ട കെയർഹോമിലെ അന്തേവാസികളുടെ ചെറുകൈത്താങ്ങ‌്. വിഷുക്കൈനീട്ടമായും പെൻഷനായും മറ്റും ലഭിച്ച ചെറിയ തുകകൾ അവർ ശേഖരിച്ചുനൽകി, 88,888 രൂപ. കേരളത്തിന്റെ പുനർനിർമാണത്തിനായി സമൂഹമാകെ കൈകോർക്കുമ്പോൾ അതിലൊരാളാകാൻ തൊണ്ണൂറ്റിയാറുകാരനായ കാലടി കൃഷ‌്ണപിള്ളയും എൺപത്തിരണ്ടുകാരനായ ബാലകൃഷ‌്ണപിള്ളയും എഴുപത്തിരണ്ടുകാരിയായ ജഗദമ്മയുമടക്കമുള്ള നൂറോളം അന്തേവാസികൾ തീരുമാനിക്കുകയായിരുന്നു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് 88,888 രൂപയുടെ ചെക്ക‌് നൽകുന്നതിന‌് തിങ്കളാഴ‌്ച അവർ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെത്തി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അവരെ സ്വീകരിച്ചു. പ്രളയസമയത്ത‌് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് ആവശ്യമായ സാധനങ്ങളും കെയർഹോമിലെ അന്തേവാസികൾ  ശേഖരിച്ച‌് നൽകിയിരുന്നു. കെയർഹോമിന‌് പുതിയ ആംബുലൻസ‌് വാങ്ങുന്നതിന‌് എംഎൽഎ ഫണ്ടിൽനിന്ന‌് തുക അനുവദിക്കുമെന്ന‌് അദ്ദേഹം അവരെ അറിയിച്ചു. സൂപ്രണ്ട‌് എം ഷൈനിമോളുടെ നേതൃത്വത്തിലാണ‌് അന്തേവാസികൾ എത്തിയത‌്. വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി 1958 ൽ സ്ഥാപിച്ച സ്ഥാപനം സാമൂഹ്യനീതിവകുപ്പിന‌് കീഴിലെ ഏറ്റവും പഴക്കമുള്ള കെയർഹോമാണ‌്.
 
 
പ്രധാന വാർത്തകൾ
Top