26 September Wednesday

കാഴ്ചക്കുലകളൊരുങ്ങുന്നു കാട്ടകാമ്പാലിൽനിന്നും

മോഹൻദാസ‌് എലത്തൂർUpdated: Monday Aug 13, 2018

സണ്ണി വാഴത്തോട്ടത്തിൽ

 
കുന്നംകുളം
ഓണം വരവേൽക്കാൻ ഉത്രാടനാളിൽ കാഴ്ചക്കുലകളായി കാട്ടകാമ്പാലിൽനിന്നും 1400  ജൈവ നേന്ത്രവാഴക്കുലകൾ ഇത്തവണ വിപണിയിലെത്തും. 
കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി വടക്കേതലക്കൽ സണ്ണി പാട്ടത്തിനെടുത്ത രണ്ടേക്കറിൽ 1500ഓളം ചെങ്ങാലിക്കോടൻ നേന്ത്രവാഴയാണ‌്  കൃഷി ചെയ‌്തത‌്.  
പിതാവിൽനിന്നും പകർന്നുകിട്ടിയ നാട്ടറിവുമായാണ് സണ്ണി മണ്ണിനെ സ്നേഹിക്കാൻ തുടങ്ങിയത്. നെല്ലും പച്ചക്കറിയും സണ്ണി കൃഷി ചെയ്യുന്നുണ്ട‌്. മൂന്നുതവണ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ‌് ഈ 55 കാരനെ തേടിയെത്തിയിട്ടുണ്ട്. മനസ്സറിഞ്ഞ് കൃഷിയിറക്കിയാൽ മണ്ണ് ചതിക്കിലെന്നാണ‌്   24 വർഷമായി  ഈ രംഗത്തുള്ള സണ്ണിയുടെ വിശ്വാസം. വിദേശത്ത് ജോലി ചെയ്യുന്ന പാറക്കാട്ടിൽ മുസ്തഫയുടെ തരിശായി കിടക്കുന്ന രണ്ടേക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. കൃഷിക്ക് സഹായമായി  സ്ഥലമുടമ നൽകിയ 40,000 രൂപയാണ‌് ആദ്യ മൂലധനം. ജില്ലാ സഹകരണ ബാങ്കിൽനിന്നും മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് കൃഷിയിറക്കിയത്. കഴിഞ്ഞ തവണ ഡിവൈഎഫ്ഐ ജൈവ പച്ചക്കറി കൃഷിയിറക്കിയ അതേ സ്ഥലമാണ് ഇക്കുറി നേന്ത്രവാഴ കൃഷിക്കായി  തെരഞ്ഞെടുത്തത്. നല്ല ചെങ്ങാലിക്കോടൻ കന്നുകൾ ഇരുനിലംകോട് കൃഷിയിടങ്ങളിൽനിന്നെത്തിച്ചു. പരമ്പരാഗത രീതിയിൽ  കന്നിമാസത്തിലെ തിരുവോണം നാളിലാണ് കൃഷിയിറക്കിയത്. ആട്ടിൻ കാഷ്ഠവും ചാണകവും വേപ്പിൻ പിണ്ണാക്കും  എല്ലുപൊടിയും അടിവളമായി ചേർത്തു.  ജലസേചനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ മൂന്ന് സെന്റിൽ കുളം കുഴിച്ചു. അതിൽ മത്സ്യകൃഷിയും നടത്തി. പഞ്ചായത്തിലെ കൃഷി ഓഫീസറുടെ സേവനം സഹായമായി.  കുല വാഴയിലകൊണ്ട് പൊതിഞ്ഞതിനാൽ വരയുള്ള സ്വർണ നിറമുള്ള വാഴക്കുലകൾ തയ്യാർ. 
35 കിലോ വരെ തൂക്കമുള്ള കുലകളാണ് ഓണവിപണിയെ കാത്ത് സണ്ണിയുടെ കൃഷിയിടത്തിൽ ഒരുങ്ങുന്നത്.  കുടുംബസമേതം ചിറക്കൽ സെന്ററിൽ ഫാസ്റ്റ് ഫുഡ് കടയും നടത്തുന്നുണ്ട്. മകൻ ലെനിനും സഹായികളായി പ്രഭാകരനും അശോകനും കൃഷിയിൽ സഹായിക്കാൻ  ഒപ്പമുണ്ട്.  
 ഉത്രാടത്തിനുമുമ്പേ  ഇവ വിപണിയിലെത്തിക്കും. കുന്നംകുളത്തും ചിറക്കലും ഇതിനായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാട്ടകാമ്പാൽ മുൻ പഞ്ചായത്തംഗം ഷൈനിയാണ് ഭാര്യ. മകൾ ജിന്നി.
പ്രധാന വാർത്തകൾ
Top