25 September Tuesday

കനത്ത മഴ പച്ചക്കറി വിപണി പച്ചപിടിക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
കുറ്റിക്കോൽ
കനത്ത മഴ ഓണ വിപണി ലക്ഷ്യമിട്ട്‌ പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരെ സങ്കടത്തിലാക്കി. പ്രതീക്ഷിക്കപ്പെട്ട ഉൽപാദനം നടന്നില്ലെങ്കില്‍  ഓണ വിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടാകും. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ നല്ല തോതിലുള്ള  വേനല്‍ മഴയാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്‌.  കാലവര്‍ഷത്തിന്‌ കാത്തുനില്‍ക്കാതെ  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാർന്ന പച്ചക്കറി കൃഷിയിറക്കിയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ആരംഭിച്ച കാലവര്‍ഷം ഇപ്പോഴും കനത്ത തോതില്‍ തുടരുന്നതിനാല്‍ കൃഷി ഉദ്ദേശിച്ച രീതിയിലെത്തിയില്ല. ആവശ്യത്തിന്‌ വളപ്രയോഗവും മറ്റു കാര്‍ഷിക ജോലികളോ ചെയ്യാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌  ഉൽപാദനത്തിൽ  വലിയ കുറവാണ്‌ ഇത്തവണ അനുഭവപ്പെടുന്നത്‌. 
നരമ്പന്‍, കക്കിരി എന്നിവ ഒഴിച്ചു നിര്‍ത്തിയാല്‍ ജില്ലയിലെ പ്രധാന പച്ചക്കറി വിളകളായ പാവല്‍, പയര്‍, വെള്ളരി എന്നിവയൊന്നും വിപണിയിലെത്തി തുടങ്ങിയിട്ടില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇവയുടെ ഉലപാദനം ആരംഭിച്ചിട്ടില്ല. പച്ചക്കറി തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കനത്ത മഴ തുടരുന്നതുമാണ്‌ ഉലപാദനം കുറയാന്‍ ഇടയാക്കുന്നത്‌. ഓണാഘോഷത്തിന്‌ രണ്ടാഴ്‌ച മാത്രമേ അവശേഷിക്കുന്നുള്ളൂ. രണ്ട്‌ ദിവസത്തിനുള്ളില്‍ മഴ മാറി നിന്നില്ലെങ്കില്‍ അത്‌  ജില്ലയിലെപച്ചക്കറി മേഖലയെ പ്രതികൂലമായി ബാധിക്കും. 
ഇത്തവണ ഓണ വിപണിയിലെത്തിക്കുന്ന പച്ചക്കറികള്‍ പത്തു ശതമാനം അധിക വില നല്‍കുമെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിപണിയിലെത്തിക്കാന്‍ മതിയായ പച്ചക്കറികള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം ലഭിക്കാനിടയില്ലെന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. ശീതകാല പച്ചക്കറികള്‍ക്കായി വയനാട്‌, ഇടുക്കി  ജില്ലകളെയാണ്‌ പൊതുവെ ആശ്രയിക്കാറ്‌. കനത്ത മഴയിലും പ്രകൃതി ക്ഷോഭത്തിലും  ഈ ജില്ലകളിലെ ശീതകാല പച്ചക്കറിത്തോട്ടങ്ങളെല്ലാം നശിച്ചു.  അതിനാല്‍ ഇത്തവണ ഓണ വിപണി കൈയടക്കുക കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണ്‌. ഇത്‌ വിലക്കയറ്റത്തിന്‌ ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്‌. കുറ്റിക്കോൽ ബേഡകം പഞ്ചായത്തുകളിലേക്ക് സുള്ള്യ വഴി ലോഡ് കണക്കിന് പച്ചക്കറികളാണ് ദിവസവും വിപണനത്തിനായി എത്തുന്നത്‌. 
പ്രധാന വാർത്തകൾ
Top