Top
22
Monday, January 2018
About UsE-Paper

അറിവിന്‍മേലേ അവര്‍; തോല്‍ക്കാന്‍ മനസ്സില്ലാതെ...

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരം വാഴത്തോപ്പ് ജിവി എച്ച്എസ്എസില്‍ ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

 ചെറുതോണി > അറിവിന്റെ ചക്രവാളംതൊട്ട് അക്ഷരമുറ്റം പ്രശ്നോത്തരി മത്സരം. വിജ്ഞാനലോകം അത് ഏത് ശാഖയിലാണെങ്കിലും തങ്ങള്‍ക്ക് വഴങ്ങുമെന്നും തോല്‍പ്പിക്കാനാവില്ലെന്നുമുള്ള ദൃഷ്ടാന്തമായി ശനിയാഴ്ച നടന്ന ദേശാഭിമാനി- ഒഡീസിയ ജില്ലാതല അറിവുത്സവം. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ തയ്യാറെടുത്താണ് ഇക്കുറി പ്രതിഭകള്‍ മത്സരത്തിനെത്തിയത്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ തലങ്ങളിലും ഒപ്പത്തിനൊപ്പമെത്തിയതിനാല്‍ വീണ്ടും അധ്യാപകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടിവന്നു. എല്‍പി വിഭാഗത്തില്‍ രണ്ടാംസ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. എട്ടില്‍പരം ചോദ്യങ്ങള്‍ കൊടുക്കേണ്ടിവന്നു രണ്ടാംസ്ഥാനക്കാരെ തെരഞ്ഞെടുക്കാന്‍. ചരിത്രം, സയന്‍സ്, കണക്ക്, സാഹിത്യം തുടങ്ങി സര്‍വതല സ്പര്‍ശിയായ ചോദ്യങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് മുന്നിലെത്തി. ചോദ്യാവതരണത്തില്‍ പുതുമ പുലര്‍ത്തിയ ക്വിസ് മാസ്റ്റര്‍ കുട്ടികളുടെ ടെന്‍ഷന്‍ അകറ്റാനുള്ള തന്ത്രങ്ങളും പയറ്റി. മത്സരത്തിലെ വീറും വാശിയും സൌഹൃദപരമായതും കൂടുതല്‍ പങ്കാളിത്തവും വിജ്ഞാനോത്സവം സമാനതകളില്ലാത്തതായി. 

 

 

   ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരം ശനിയാഴ്ച രാവിലെ 10 ന് വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കൌതുകകരമായ ചോദ്യം എറിഞ്ഞായിരുന്നു ഉദ്ഘാടന പ്രസംഗം. ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യം എന്തെന്ന ചോദ്യത്തിന് കുട്ടികള്‍ ഉത്തരം നല്‍കിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചു. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍  പൊലീസ് പിടികൂടുമെന്ന കൊച്ചുകൃസൃതിക്കാരുടെ മറുപടി എല്ലാവരേയും ചിരിപ്പിച്ചു. ഗൈഡിലെ കുറേ ഭാഗങ്ങള്‍ കാണാതെ പഠിച്ച് മത്സരപരീക്ഷ എഴുതിയ തങ്ങളുടെ പഴയ കാലത്തുനിന്നും ഇപ്പോഴുള്ള മാറ്റം അത്ഭുത പെടുത്തുന്നതാണെന്നും കുട്ടികള്‍ക്ക് നല്ല അവസരങ്ങളാണിപ്പോള്‍ കൈവന്നിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ദേശാഭിമാനി അക്കൌണ്ട്സ് മാനേജര്‍ വി എസ് ഷിബു മത്സരപരിപാടി വിശദീകരിച്ചു. സ്വാഗതസംഘം രക്ഷാധികാരി എം ജെ മാത്യു, ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ എ ആര്‍ രാജേഷ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി ബ്യൂറോചീഫ് കെ ടി രാജീവ് സ്വാഗതവും ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. വനവികസന കേര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം പി എന്‍ വിജയന്‍, പ്രഭാ തങ്കച്ചന്‍, ദേവദാസ്, ശിവപ്രസാദ്, സജി തടത്തില്‍, എം വി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. 

 ഏഴ് സബ് ജില്ലകളില്‍നിന്നായി 109 മത്സരാര്‍ഥികള്‍ പങ്കാളികളായി. അധ്യാപകര്‍ അറിവുത്സവത്തിന് നേതൃത്വം നല്‍കി. രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വന്‍പങ്കാളിത്തം ഉണ്ടായി. മത്സര വിജയികള്‍ക്ക് 30 ന് ചെറുതോണിയില്‍ നടക്കുന്ന മെഗാ ഇവന്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 

 

 

Related News

കൂടുതൽ വാർത്തകൾ »