24 September Monday
വീടുവയ‌്ക്കാൻ 5 സെന്റ് സ്ഥലം വിട്ടുകൊടുത്ത‌് പ്രവാസി

കാരുണ്യത്തണലിൽ രാധാക‌ൃഷ‌്ണനും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ചുനക്കര സ്നേഹവീട്ടിൽനിന്ന് രാധാകൃഷ്ണനും കുടുംബവും യാത്രയാകുന്നു

 
ചാരുംമൂട്  
തലചായ‌്ക്കാനിടമില്ലാതെ ട്രെയിനുകളിൽ അന്തിയുറങ്ങിയ അഞ്ചംഗ കുടുംബത്തിന് വീടൊരുക്കാൻ അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകി പ്രവാസി. ക്യാൻസർബാധിതനായ തഴക്കര ഇറവങ്കര കുഴിവേലിൽ വീട്ടിൽ രാധാക‌ൃഷ‌്ണന്റെ കുടുംബത്തിനാണ‌് വള്ളികുന്നം ചൂനാട് വൈഷ‌്ണവത്തിൽ വേലായുധൻനായർ വീടുവയ‌്ക്കാൻ അഞ്ച് സെന്റ് സ്ഥലം നൽകുന്നത്.
രാധാക‌ൃഷ‌്ണനും ഭാര്യ രമയും വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലുള്ള അമ്മ പൊന്നമ്മ, വിവാഹജീവിതത്തിൽ താളപ്പിഴകളുമായി ഇവരോടൊപ്പം കഴിയുന്ന വികലാംഗകൂടിയായ മകൾ വാണി, വാണിയുടെ മകൾ അഭിരാമി എന്നിവരെ പാർപ്പിച്ചിരിക്കുന്ന ചുനക്കര സ‌്നേഹവീട്ടിലെത്തിയാണ് വേലായുധൻനായർ, ഈ സന്തോഷ വാർത്ത അറിയിച്ചത്. ചെട്ടികുളങ്ങര കേന്ദ്രമായുള്ള ജനനി ചാരിറ്റബിൾ ആൻഡ‌് കൾച്ചറൽ സൊസൈറ്റി എക‌്സിക്യൂട്ടീവ് അംഗം കൂടിയായ വേലായുധൻനായർ സംഘടനയുടെ പ്രസിഡന്റ് അനിൽ ചെട്ടികുളങ്ങരയോടൊപ്പമാണ് ഇവിടെയെത്തിയത്. പാലമേൽ പത്താംകുറ്റിക്ക് വടക്കുഭാഗത്താണ് ഭൂമി. രണ്ട‌് ദിവസത്തിനുള്ളിൽ ഇതിന്റെ ആധാരം നടത്തുമെന്ന‌് വേലായുധൻനായർ പറഞ്ഞു.
സ‌്നേഹഭവനിൽനിന്ന് രാധാക‌ൃഷ‌്ണന്റെ കുടുംബത്തെ തിങ്കളാഴ‌്ച വൈകിട്ട് ക‌ൃഷ‌്ണപുരം കാപ്പിൽമേക്ക് അമരയോഗ വൈദ്യ ഗുരുകുലം ഏറ്റെടുത്തു. കെഎസ്ഇബി മാവേലിക്കര അസിസ‌്റ്റന്റ് എക‌്സിക്യൂട്ടീവ് എൻജിനിയറും എഴുത്തുകാരിയുമായ ഗീതാലക്ഷി, ഭർത്താവ് അഡ്വ. ജയകുമാർ, സഹോദരീ ഭർത്താവ് പ്രൊഫ. വിജയൻപിള്ള എന്നിവരുടെ നേത‌ൃത്വത്തിലെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവർ തുടർന്നുള്ള ദിവസങ്ങളിൽ ഗീതാലക്ഷ‌്മിയുടെ വീട്ടിൽ താമസിക്കും. എതാനും ദിവസങ്ങൾക്കുള്ളിൽ ഇതിനടുത്തുള്ള വാടകവീട്ടിലേക്ക് മാറും. സ്ഥിരവരുമാനത്തിനായി ഈ വീടിനോട് ചേർന്നുള്ള കടയിൽ രാധാക‌ൃഷ‌്ണന് കച്ചവടം നടത്താൻ സൗകര്യമൊരുക്കും. ഇതിന് പ്രതിമാസം 4000 രൂപ വീതം വാടകയായി ക‌ൃഷ‌്ണപുരം സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി നൽകും. വീടിനുള്ള ഡെപ്പോസിറ്റ് തുകയായ 25,000 രൂപ സ്വാന്തനം പ്രവർത്തകൻ അബ്ബ മോഹൻ നൽകി. സ്വാന്തനം ഭാരവാഹികളായ രാജേഷ്, സതീഷ്, ബിജു ജോയി, ജയരാജ്, വിഷ‌്ണു എന്നിവർ സ്ഥലത്തെത്തി രാധാക‌ൃഷ‌്ണനെ വിവരം ധരിപ്പിച്ചു. ഗീതാലക്ഷ‌്മിയുമായി ചേർന്നാണ് സ്വാന്തനത്തിന്റെയും പ്രവർത്തനങ്ങൾ. ദേശാഭിമാനി വാർത്തയെത്തുടർന്നാണ് സ്വാന്തനവും ഗീതാലക്ഷ‌്മിയും സ‌്നേഹഭവനിലെത്തിയത്.

 

പ്രധാന വാർത്തകൾ
Top