24 September Monday

വീട്ടുമുറ്റത്ത്‌ പച്ചക്കറി കാൽ ലക്ഷം ഗ്രോബാഗ്‌ തൈകൾ വീടുകളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018

പുല്ലൂരിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ ഗ്രോ ബാഗ് പച്ചക്കറിതൈകള്‍ ഒരുക്കുന്നു

കാഞ്ഞങ്ങാട്
വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ  കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയ്ക്കായി കാല്‍ ലക്ഷം ഗ്രോബാഗ് പച്ചക്കറി തൈകൾ പുരയിടങ്ങളിലേക്ക്. ജില്ലാപഞ്ചായത്തിനു കീഴിലെ പുല്ലൂരിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലാണ്‌ മുഴുവൻ കൃഷിഭവനുകളിലേക്കുമുള്ള ഗ്രോബാഗുകളും പച്ചക്കറി തൈകളും ഒരുക്കുന്നത്. കൃഷി ഭവനുകള്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. 
കനത്ത മഴയെ തുടര്‍ന്ന് തൈകള്‍ ഒരുക്കാന്‍ പ്രയാസം നേരിട്ടുവെങ്കിലും മഴമാറിയതോടെ ഗ്രോബാഗുകള്‍ വേഗത്തില്‍ തയ്യാറായി വരികയാണ്. പ്രത്യേകമായൊരുക്കിയാണ്‌ നല്ലയിനം പച്ചക്കറിതൈകള്‍ മുളപ്പിക്കുന്നത്. തക്കാളി, പച്ചമുളക്, വെള്ളരി, വഴുതിന തൈകളും വെണ്ട, പയര്‍, ചീര വിത്തുകളുമാണ് നല്‍കുന്നത്. കാര്‍ഷിക വിദഗ്ധരുടെ നിർദേശ പ്രകാരം ശാസത്രീയമായ രീതിയിലാണ് ഗ്രോബാഗുകള്‍ ഒരുക്കുന്നത്.  ചാണകപ്പൊടിയും ചകിരിച്ചോറും വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുംസുക്ഷ്‌മമൂലകങ്ങളുമെല്ലാം ഗ്രോബാഗിൽ മണ്ണിനോടൊപ്പം നിറക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നഗരങ്ങളിലെ മട്ടുപ്പാവുകളില്‍  മാത്രമായി ഒതുങ്ങിയ ഗ്രോ ബാഗ് പച്ചക്കറി കൃഷി പിന്നീട് കൃഷി വകുപ്പ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അടുത്ത ആഴ്ച്ചയോടെ ഗ്രോബാഗ് പച്ചക്കറി തൈകൾ കൃഷിഭവനിലേക്ക്‌ നല്‍കാനാവുമെന്ന് സീഡ് ഫാം ഫീല്‍ഡ് ഓഫീസർ മണിമോഹൻ പറഞ്ഞു. 2000 രൂപ വിലവരുന്ന ഗ്രോബാഗുതൈകള്‍ കൃഷിഭവന്‍ സബ്‌സിഡി മുഖേന 500 രൂപക്കാണ് കൃഷിക്കാര്‍ക്ക് നല്‍കുക.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top