11 December Tuesday

ദുരന്തഭൂമി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കാ-ലവർ-ഷത്തിൽ- തകർ-ന്ന കോ-ട്ടത്തറ ടൗൺ

കൽപ്പറ്റ

രണ്ടുദിവസം തിമിർത്തു പെയ്ത മഴയ്ക്ക് വെള്ളിയാഴ്ച നേരിയ ശമനം ഉണ്ടായെങ്കിലും മഴക്കെടുതിക്ക് അറുതിയില്ല. ഒരുഭാഗത്ത് മണ്ണിടിഞ്ഞും ഒരുൾപൊട്ടിയും നാശം വിതക്കുമ്പോൾ മറുഭാഗത്ത് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ദുരിതക്കയത്തിൽ മുങ്ങുകയാണ്. ബത്തേരി‐കോഴിക്കോട് ദേശീയ പാതയടക്കം നിരവധി പ്രധാനപാതകളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.  വെള്ളാരംകുന്നിൽ മണ്ണിടിച്ചിലിൽ യുവാവ് മരിച്ചതോടെ ജില്ലയിൽ മരണം നാലായി. 

വെള്ളപ്പൊക്കത്തിൽ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലയിൽ കഴിയുന്നിടത്തെല്ലാം സൈന്യത്തിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പലഭാഗത്തും മണ്ണിടിഞ്ഞും മരം വീണും റോഡുകളിൽ ഗതാഗതതടസ്സമുണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാവുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലായി  ജില്ലയിൽ 245.37 മില്ലിമീറ്റർ മഴ ലഭിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിമുതൽ വെള്ളിയാഴ്ച രാവിലെ വരെ 38 മില്ലീമീറ്റർ മഴയാണ് പെയ്തത്. മൺസൂണിൽ ഇതുവരെ 2670.56 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്.  ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും വെള്ളത്തിൽ ഒലിച്ച് പോയി. വെള്ളപ്പൊക്കത്തിൽ പുഴ ഗതിമാറി ഒഴുകി കോട്ടത്തറ ടൗൺ പൂർണമായും ഇല്ലാതായി. ഇതുവരെയായി 584.22 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചിട്ടുണ്ട്.  

 വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളിൽ നിന്നും 10,949 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷത്തിൽ ഇതുവരെ 20 വീടുകൾ പൂർണമായും 536 വീടുകൾ ഭാഗികമായും നശിച്ചു. ജില്ലയിൽ വെള്ളിയാഴ്ചത്തെ ഒരു മരണമുൾപ്പടെ ഇതുവരെ മഴക്കെടുതിയിൽ ഒമ്പതു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 23 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. 

പടിഞ്ഞാറത്തറ ബാണാസുരസാഗർ റിസർവോയറിലെ ജലനിരപ്പ് 775.6 എംഎസ്എൽ ആണ്. കാരാപ്പുഴയിൽ 758.2 എംഎസ്എൽ രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളിൽ ഊർജിത രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജില്ലയിലെ പൊലിസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കലക്ടർ എ ആർ അജയകുമാർ, സബ് കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. 

ദേശീയ ദുരന്ത നിവാരണസേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി), നാവികസേന എന്നിവരുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്.

പ്രധാന വാർത്തകൾ
Top