21 November Wednesday

മാനന്തവാടിയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടലിൽ തടാകം രൂപപ്പെട്ടു

സ്വന്തം ലേഖകൻUpdated: Saturday Sep 8, 2018

വനത്തിനുള്ളിൽ രൂപപ്പെട്ട തടാകം

മാനന്തവാടി> വയനാടിനെ തകർത്തെറിഞ്ഞ മഹാപ്രളയത്തിൽ  വനത്തിനുള്ളിലെ ഉരുൾപൊട്ടലിൽ നശിച്ചത് ഏക്കർകണക്കിന് വനഭൂമി. തലപ്പുഴ 43‐ാം മൈലിൽ രണ്ട് കിലോമീറ്റർ അകലെ ബേഗൂർ റേഞ്ചിനുള്ളിലെ വനത്തിനുള്ളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 10 ഏക്കറോളം ഒലിച്ചുപോയി. വനത്തിനുള്ളിൽ തടാകവും രൂപപ്പെട്ടു. കാലവർഷം കനത്ത സമയത്ത് ഉരുൾപ്പൊട്ടിയതായാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് സംഭവം നാട്ടുകാരുടെയും വനപാലകരുടെയും ശ്രദ്ധയിൽപെട്ടത്.
 
മലയുടെ ഒരുഭാഗം പൂർണമായി ഇടിഞ്ഞു താഴ്ന്നു.  കല്ലിനും മണ്ണിനുമൊപ്പം വൻമരങ്ങളും കടപുഴകി ഒരു കിലോമീറ്ററോളം താഴോട്ട് പതിച്ചു. ഒലിച്ചെത്തിയ മണ്ണ്  മറ്റൊരു മലയിൽ തട്ടിയാണ് നിന്നത്. ഇവിടെനിന്നും മണ്ണ് നിരങ്ങി വനത്തിന് നടുവിലൂടെ ഒഴുകുന്ന തോട്ടിൽ പതിച്ച് ഇത് ഗതി മാറി ഒഴുകുയാണ്. മണ്ണടിഞ്ഞ്സമീപം മറ്റൊരു തടാകം രൂപപ്പെട്ടു. ഒരേക്കറോളം വിസ്തൃതിയിലാണ് തടാകം രൂപപ്പെട്ടിട്ടുള്ളത്. വന്യമൃഗങ്ങൾ ഉൾപ്പെടെ വിഹരിക്കുന്ന പ്രദേശമായതിനാൽ ആളുകൾ അധികം ഈ ഭാഗത്തേക്ക് പോകാറില്ല. അതിനാലാണ് ഉരുൾപൊട്ടൽ അറിയാൻ വൈകിയത്.  വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. 
 
നോർത്ത് വയനാട് വനം ഡിവിഷനിൽ ഉരുൾപൊട്ടി 35 ഹെക്ടറും മണ്ണിടിഞ്ഞ് 15 ഹെക്ടർ വനഭൂമിയും നശിച്ചതായാണ് വനംവകുപ്പിന്റെ കണക്ക്.  ബേഗൂർ റേഞ്ചിന് കീഴിലാണ് ജില്ലയിൽതന്നെ കുടുതൽ വനഭൂമി നശിച്ചതെന്ന് റേഞ്ച്  ഓഫീസർ കെ പി അബ്ദുൾ സമദ് പറഞ്ഞു.  തലപ്പുഴ 43, മക്കിമല, പിലാക്കാവ് മണിയൻകുന്ന്, പഞ്ചാരക്കൊല്ലി, തൃശ്ശിലേരി  എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കൂടുതലായുണ്ടായത്. പഞ്ചാരക്കൊല്ലിയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി കല്ലും മണ്ണും കൂറ്റൻ മരങ്ങളും ഒലിച്ചെത്തി ഏഴ് വീടുകളാണ് തകർന്നത്. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. ഏഴ് വീടുകൾ ഒന്നും അവശേഷിക്കാത്തവിധം ഒലിച്ചുപോയി. മണിയൻകുന്ന് പ്രദേശത്തും വനമേഖലയിൽ വൻ ഉരുൾപൊട്ടലാണുണ്ടായത്. രണ്ട് കിലോമീറ്ററോളം താഴേക്ക് മരങ്ങളും കല്ലുകളും ഒലിച്ചെത്തി ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു.  പിലാക്കാവ്‐മണിയൻകുന്ന്  റോഡിൽ മണ്ണടിഞ്ഞ് കിടക്കുകയാണ്. നടന്നുപോകാൻ വിധം നാട്ടുകാരിപ്പോൾ മണ്ണ് നീക്കിയിട്ടുണ്ട്. 
 
വനത്തിനുള്ളിലെ ഉരുൾപൊട്ടലിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മണ്ണിനടിയിലായത്. ഉരുൾപൊട്ടി ഒലിച്ചെത്തിയ ഭാഗങ്ങളിലെ വയലുകളിലും തോട്ടങ്ങളിലും കൂറ്റൻമരങ്ങടക്കം നിരന്ന് കിടക്കുകയാണ്. പേര്യ 43ൽ ഉണ്ടായ ഉരുൾപൊട്ടൽ കാണാൻ നിരവധി പേരാണ് വനത്തിനുള്ളിൽ  എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 
 
കാലവർഷത്തിൽ  തലപ്പുഴ മേഖലയിൽ പലദിവസങ്ങളിലും വലിയ വെള്ളം പൊക്കമായിരുന്നു. വനത്തിനുള്ളിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് വെള്ളം ഉയരാൻ കാരണമെന്ന് അന്നേ സംശയമുണ്ടായിരുന്നു. വെള്ളം കുത്തിയൊലിച്ച് പുഴകളിലും തോടുകളിലും എത്തുകയായിരുന്നു. നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞതായി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
Top