24 September Monday

പുഴയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്ക്കരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

സൂര്യയൂടെ മൃതദേഹം പുഴയിൽനിന്നും കണ്ടെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു

കൽപ്പറ്റ
വെണ്ണിയോട് പുഴയിൽ മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹം ബുധനാഴ്ച്ച സംസ്ക്കരിക്കും. ചുണ്ടേൽ ആനപ്പാറ കല്ലുരുട്ടിപ്പറമ്പിൽ നാരായണൻ, ഭാര്യ ശ്രീജ, മകൾ സൂര്യ എന്നിവരുടെ സംസ്ക്കാരമാണ് നടക്കുക. ഇളയ മകൻ സായൂജിനായുള്ള തെരച്ചിൽ തുടരും.
മാനന്തവാടിയിലെ ജില്ലാആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. കമ്പളക്കാട് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് മുമ്പായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചുണ്ടേൽ ആനപ്പാറയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ എൽആർസി ക്ലബ് പരിസരത്ത് പൊതുദർശനത്തിനുവെക്കും. തുടർന്ന് ആനപ്പാറ നാലാംനമ്പറിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും. പൊതുദർശനത്തിനും സംസ്ക്കാരത്തിനുമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് നാരായണനും കുടുംബവും ആനപ്പാറയിൽനിന്നും പോകുന്നത്. അയൽവാസിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മരണംതേടി പോയത്. കോട്ടത്തറക്കടുത്ത വെണ്ണിയോട് പുഴയിൽചാടി ജീവനൊടുക്കുകയായിരുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും ഒന്നിച്ചിറങ്ങിയതാണ്. ഇതിൽ ഇളയ മകൻ സായൂജ് ഒഴികെയുള്ളവരുടെ മൃതദേഹങ്ങളാണ് തിരിച്ച് നാട്ടിലെത്തുന്നത്.
കലണ്ടറിൽ  ആഗസ്ത് നാല് മരണദിനമായി ഇവർ കുറിച്ചിട്ടിരുന്നു. നാലിന് രാത്രിതന്നെ ഇവർ പുഴയിൽ ചാടിയതായാണ് പൊലീസ് നിഗമനം. ഡയറിയിൽ ആത്മഹത്യകുറിപ്പ് എഴുതി ബാഗിലാക്കി പുഴയുടെ കരയിൽ ഉപേക്ഷിച്ചാണ് ജീവനൊടുക്കിയത്. നാലുപേരുടെയും ആധാർകാർഡും ശ്രീജയുടെയും മക്കളുടെയും ഗ്രൂപ്പ് ഫോട്ടോയും ബാഗിൽ ഉണ്ടായിരുന്നു. മരണവിവരം അറിയിക്കേണ്ട മൂന്ന് പേരുടെ ഫോൺനമ്പറും ഡയറിയിൽ എഴുതിയിരുന്നു. ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും. പതിമൂന്നും ഒമ്പതും വയസ്സായ രണ്ട് മക്കളെയും കൂട്ടി നരായണനും ശ്രീജയും ജീവനൊടുക്കിയതിന്റെ കാരണം അടുത്ത ബന്ധുക്കൾക്കുപോലും അറിയില്ല. കരാറുപണികൾ എടുത്തിരുന്ന നാരായണന് വലിയ കടബാധ്യതയോ കുടുംബപ്രശ്നങ്ങളോ ഉള്ളതായിട്ടും ആർക്കും അറിവില്ല. അതിനാൽ കൂട്ടആത്മഹത്യയുടെ കാരണവും അജ്ഞാതമായി തുടരുന്നു. 
ഇനി തെരച്ചിൽ 
സായൂജിനായി
കൽപ്പറ്റ
പുഴയിൽ കാണാതായ നാലംഗകുടുംബത്തിലെ ഇളയ മകൻ സായൂജിനായുള്ള തെരച്ചിൽ ബുധനാഴ്ചയും തുടരും. ഫയർഫോഴ്സിന്റെ കൽപ്പറ്റ, മാനന്തവാടി യൂണിറ്റുകളും നാട്ടുകാരുമാണ് ബുധനാഴ്ച തെരച്ചലിനുണ്ടാകുക. ചുണ്ടേൽ ആർസിഎൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു ഒമ്പതുകാരനായ സായൂജ്. അച്ഛനും അമ്മയും സായൂജിനേയും സഹോദരി സൂര്യയേയുംകൂട്ടി പുഴയിൽ ചാടുകയായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top