Top
19
Thursday, October 2017
About UsE-Paper

ആദിത്യനാഥ് ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചു: മുഖ്യമന്ത്രി

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

 

വേങ്ങര > ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് വന്ന് കേരളീയരെ അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു സംസ്ഥാനത്തെ ഭരണാധികാരി മറ്റൊരു സംസ്ഥാനത്തുചെന്ന് അവിടത്തെ ജനങ്ങളെ അധിക്ഷേപിക്കുന്നത് ഫെഡറല്‍ തത്വത്തിന് നിരക്കുന്നതല്ല. ഇനിയും മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വരുന്നുണ്ട് എന്നാണ് പറയുന്നത്. വേങ്ങര മണ്ഡലത്തില്‍ വിവിധ തെരഞ്ഞെടുപ്പുറാലികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.  
മതേതരത്വം പുലരുന്ന മണ്ണാണ് കേരളം. എന്നിട്ടും യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ഇവിടെ വന്ന് നമ്മുടെ മതേതരത്വത്തെ വെല്ലുവിളിക്കുന്നു. എത്രമാത്രം അപലപനീയമാണിത്. യോഗിമാരെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് നമുക്ക്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ മാത്രമേ യോഗിയുള്ളു. കര്‍മത്തില്‍ ഇല്ല. യോഗി ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്യുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത്.  
രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കാനാകുമോ എന്നാണ് ആര്‍എസ്എസ് നോക്കുന്നത്.  ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസ് അക്രമിച്ചു. ഇപ്പോള്‍ ദിവസവും അങ്ങോട്ടേക്ക് മാര്‍ച്ചാണ്. കേന്ദ്ര മന്ത്രിമാരും എംപിമാരും അതിന് നേതൃത്വം നല്‍കുന്നു. ഒരു പാര്‍ടിയുടെ പ്രവര്‍ത്തന കേന്ദ്രമാണ് ഓഫീസ്. അവിടേക്ക് മാര്‍ച്ച് നടത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ മുതിരുന്നത് ജനാധിപത്യമാണോ? കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ ഇതിന് നേതൃത്വംകൊടുക്കുന്നത് ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കലാണ്.
ഗുജറാത്തില്‍ കഴിഞ്ഞദിവസം ഒരു വാര്‍ത്ത വന്നു 'പട്ടികജാതിക്കാരായ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മുട്ടന്‍ വടികൊണ്ട് മര്‍ദിച്ചു'. ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്നത് എന്താണ്. ദളിത്, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്, അടുക്കളയില്‍പോലും കയറി പരിശോധിക്കുന്നു, മാംസാഹാരം ഉണ്ടോ എന്നാണ് നോക്കുന്നത്. തീവണ്ടിയില്‍ മുസ്ളിംവിഭാഗത്തില്‍ പെട്ട യുവാക്കളെ മര്‍ദിച്ചതും പുറത്തേക്ക് വലിച്ചെറിഞ്ഞതുമായ വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ കേരളം ഇതില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ജീവന്‍ കൊടുത്തുപോലും മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം ഇവിടെയുണ്ട്. വര്‍ഗീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഇടതുപക്ഷത്തിനുമാത്രമേ സാധിക്കൂ എന്ന് ഓരോദിവസം കഴിയുംതോറും വ്യക്തമാകുകയാണ്- പിണറായി പറഞ്ഞു. 
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!