21 November Wednesday

നവകേരള നിർമിതി വിഭവ സമാഹരണം 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
കോഴിക്കോട‌്
പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി  ജില്ലയിലുള്ളവർ വിഭവ സമാഹരണത്തിൽ  മികച്ച സംഭാവനകൾ നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിഭവസമാഹരണത്തിൽ ജില്ലയുടെ ചുമതല വഹിക്കുന്ന സ്‌പെഷ്യൽ ഓഫീസറുമായ കെ വി മോഹൻകുമാർ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  ആതിഥ്യമര്യാദയിലും ദുരിതമനുഭവിക്കുന്നവരോടുള്ള കാരുണ്യത്തിലും ജില്ല എന്നും മുന്നിലാണ്. ആ പാരമ്പര്യം നവകേരള നിർമിതിക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന യാഥാർഥ്യമാക്കുന്നതിലും പ്രതിഫലിക്കണമെന്ന് മുൻ  കലക്ടർ കൂടിയായ  മോഹൻകുമാർ പറഞ്ഞു. 
  സ്വമേധയാ സംഭാവനകൾ നൽകാൻ തയ്യാറാകുന്നവരുടെ പട്ടിക തയ്യാറാക്കും.  10 മുതൽ 15 വരെ ഏഴു കേന്ദ്രങ്ങളിൽ നടക്കുന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സിറ്റിങ്ങിൽ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ചെക്കും ഡിഡിയുമായി സ്വീകരിക്കും. മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.
  വിഭവ സമാഹരണത്തിനായി തീരുമാനിച്ച സ്ഥലവും തിയ്യതിയും.
 കോഴിക്കോട് സെപ്തംബർ 10, 15 പകൽ മൂന്ന് മുതൽ ഏഴുവരെ. ഫറോക്ക്   10ന‌് രാവിലെ ഒമ്പത‌്  മുതൽ 12 വരെയും വടകര 11ന‌് രാവിലെ ഒമ്പത‌് മുതൽ 12 വരെയുമാണ‌്. കുറ്റ്യാടി   11 ന‌് പകൽ മൂന്ന്  മുതൽ ഏഴുവരെയും  താമരശ്ശേരി   12ന‌് രാവിലെ ഒമ്പത‌്  മുതൽ 12 വരെയും മുക്കം   13ന‌് പകൽ മൂന്ന് മുതൽ ഏഴുവരെയും കൊയിലാണ്ടി   15ന‌് രാവിലെ ഒമ്പത്  മുതൽ 12 വരെയും പണം ചെക്കായോ ഡിഡി ആയോ എത്തിക്കാം. 
എട്ടിന് രാവിലെ വ്യവസായികളുടെ യോഗം ചേരും. 11 ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർഥികളിൽനിന്ന് പണം സ്വീകരിക്കും. ഹയർസെക്കൻഡറി, കോളേജ് തലങ്ങളിലും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾ നൽകുന്ന തുക ഹെഡ്മാസ്റ്റർമാർ സ്വരൂപിക്കും. യോഗത്തിൽ 120 ഉദ്യോഗസ്ഥർ പങ്കെടുത്തു. തവണകളായി ഒരു മാസത്തെ ശമ്പളം നൽകുന്നതിനോട് അവർ അനുകൂലമായി പ്രതികരിച്ചു.
   കലക്ടർ യു വി ജോസ്  ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സബ് കലക്ടർ വി വിഘ്‌നേശ്വരി, എഡിഎം ടി ജനിൽകുമാർ, സീനിയർ ഫിനാൻസ് ഓഫീസർ എം കെ രാജൻ, അസി. കലക്ടർ കെ എസ്അഞ്ജു  എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top