25 September Tuesday

വീട‌് കുത്തിത്തുറന്ന് 20 പവനും പണവും മോഷ‌്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ആലപ്പുഴ
വീട‌്  കുത്തിത്തുറന്ന്  20 പവൻ സ്വർണാഭരണങ്ങളും 11,000 രൂപയും മോഷ‌്ടിച്ചു.  കൊമ്മാടി വാർഡിൽ കൈമാപ്പറമ്പിൽ പി കെ രാജമ്മയുടെ വീട്ടിലാണ് വ്യാഴാഴ‌്ച പുലർച്ചെ 2.45 ഓടെ മോഷണം നടന്നത്. രാജമ്മയും മക്കളായ രജിതയും രേഷ‌്മയും രജിതയുടെ മകൾ മാളവിക (രണ്ട‌്) യുമാണ് വീട്ടിലുണ്ടായിരുന്നത്. രജിതയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുമ്പോൾ രജിത ഉണർന്ന് ബഹളം  വച്ചപ്പോൾ മോഷ‌്ടാക്കൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്. 
 രാജമ്മയും മകൾ രേഷ‌്മയും ഉറങ്ങിയിരുന്ന മുറിയിലെ അലമാര കുത്തിതുറന്നാണ‌് 17 പവൻ സ്വർണാഭരണങ്ങളും 11,000 രൂപയും കവർന്നത‌്. ഉറങ്ങുകയായിരുന്ന രജിതയുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ടു പവന്റെയും മകൾ മാളവികയുടെ കഴുത്തിലണിഞ്ഞിരുന്ന ഒരു പവന്റെയും മാലകളും അപഹരിച്ചു. രാജമ്മയും  രേഷ‌്മയും അണിഞ്ഞിരുന്ന ആഭരണങ്ങൾ കവർന്നിട്ടില്ല. 
 അടുക്കള വാതിൽ കുത്തിത്തുറന്ന കമ്പിപ്പാര അടുക്കളയ‌്ക്ക‌് സമീപത്തു കിടന്നിരുന്നു. മുൻവശത്തെ വാതിൽ തുറന്ന് വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ കസേരയും മറ്റും വാതിലിന് മുന്നിൽ വച്ചിരുന്നു. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ നോർത്ത് പൊലിസ് കേസെടുത്തു.
പ്രധാന വാർത്തകൾ
Top