21 November Wednesday

പാഠപുസ‌്തകവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂളിൽ എത്തിച്ച പാഠപുസ്‌തകങ്ങൾ തരംതിരിക്കുന്നു

ആലപ്പുഴ
പ്രളയത്തിൽ നഷ്ടപ്പെട്ടുപോയ പുസ‌്തകങ്ങൾക്ക് പകരം വിദ്യാഭ്യാസ വകുപ്പ്  പുതിയ പാഠപുസ‌്തകങ്ങൾ നൽകി തുടങ്ങി. ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കുള്ള പുസ‌്തകങ്ങൾ  ഉപജില്ലാതലത്തിൽ ചൊവ്വാഴ‌്ച മുതൽ വിതരണം ചെയ‌്തുതുടങ്ങി. ജില്ലയിൽ ഒന്നരലക്ഷം വിദ്യാർഥികൾക്കാണ് വെള്ളപ്പൊക്കത്തിൽ പുസ‌്തകങ്ങൾ നഷ്ടപ്പെട്ടത്.
ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂളിലാണ് പുതിയ പാഠപുസ‌്തകങ്ങൾ എത്തിയിരിക്കുന്നത്. ഷിഫ്റ്റടിസ്ഥാനത്തിൽ 24 മണിക്കൂറും   പ്രവർത്തിച്ച‌് അധ്യാപകരും അനധ്യാപകരും ചേർന്നാണ് പുസ‌്തകങ്ങൾ തരം തിരിക്കുന്നത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പുസ‌്തകങ്ങളാണ് ഇവിടെയെത്തിയത്.  പ്രളയം ഏറെ ദുരന്തം വിതച്ച  മങ്കൊമ്പ്, വെളിയനാട്, തലവടി, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് പുസ‌്തകങ്ങൾ  പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളത്തിൽ കുതിർന്നു ഉപയോഗിക്കാനാകാത്ത വിധം ചീത്തയായ പുസ‌്തകങ്ങളും ഇതിൽ ഉൾപ്പെടും. 
അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നീ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികളെ ഭാഗികമായാണ് പ്രളയം ബാധിച്ചത്. ഇവിടങ്ങളിലും പുസ‌്തങ്ങൾ വിതരണം ചെയ്യും.ജില്ലയിലാകെ 260 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. പ്രളയബാധിതരെ താമസിപ്പിക്കാൻ  280 വിദ്യാലയങ്ങളിൽ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കുട്ടനാട് മേഖലയിൽ ഇതുവരെ വെള്ളമിറങ്ങാത്ത സ്‌കൂളുകളൊഴിച്ച് ബാക്കിയെല്ലാ സ്‌കൂളുകളും  ശുചിയാക്കിയതായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ സി ജയകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top