25 September Tuesday
എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

ഡിബി കോളേജിൽ കെഎസ് യു ഗുണ്ടാ ആക്രമണം

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
ശാസ്താംകോട്ട
ഡിബി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെഎസ്‌യു ഗുണ്ടാ ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് ക്യാമ്പസിനകത്തായിരുന്നു  സംഭവം.  കഴിഞ്ഞ ദിവസം കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ  കെഎസ‌്‌യു പ്രവർത്തകർ റാഗ് ചെയ്തിരുന്നു. ഇതിൽ നടപടി ആവശ്യപ്പെട്ട്  എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ ഇബ്നു ആരിഫ് കോളേജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു.

ഇതിൽ പ്രകോപിതരായ ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി  എസ്എഫ്ഐ പ്രവർത്തകരെ  ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ  എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ ഇബ്നു ആരിഫ്, പ്രവർത്തകരായ ഷാനു എസ് വലിയപാഠം, എബിൻ, ഉണ്ണി എന്നിവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തലയിലും മുഖത്തും പുറത്തുമെല്ലാം ഇവർക്കു സാരമായ പരിക്കേറ്റിട്ടുണ്ട്. ഇർഷാദ്, ഉമർ, അജയ് എന്നിവർക്കും മർദനമേറ്റു. 

അക്രമിസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറയുന്നു.  സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരായ അജ്മൽ, അജ്മൽ ഷാ, അനന്തു, ഷാഹിർ, അനിൽ, അലൻ അജ്മൽ എന്നിവർക്കെതിരെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. കേരളത്തിലെ കലാലയങ്ങളിലെല്ലാം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ  എസ്എഫ്ഐ വൻ നേട്ടമുണ്ടാക്കി വിജയിച്ചു മുന്നേറുന്ന ഈ അവസരത്തിൽ വിറളിപൂണ്ട കെഎസ്‌യു ആക്രമണം അഴിച്ചുവിടുകയാണെന്നും അക്രമികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ നസ്മൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘർഷാവസ്ഥ നിലനിൽക്കുന്നത് കണക്കിലെടുത്ത് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top