14 November Wednesday

വെളിച്ചമെത്തിക്കാൻ കീഴത്തൂരിലെ കുട്ടികളും

എ പി അനിൽകുമാർUpdated: Tuesday Sep 4, 2018

പ്രളയദുരിതമനുഭവിക്കുന്നവർക്കായി എൽഇഡി ബൾബ് നിർമിക്കുന്ന കീഴത്തൂർ യുപി സ്കൂൾ വിദ്യാർഥികൾ

കൂത്തുപറമ്പ്
പ്രളയ ദുരിത ബാധിതർക്ക‌് വെളിച്ചമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂത്തുപറമ്പ് കീഴത്തൂർ യുപി സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ. ആയിരത്തോളം എൽഇഡി ബൾബുകളും നൂറ് സോളാർ ചാർജറുകളുമാണ്  സ്കൂളിലെ ഇലട്രോണിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. കുട്ടികൾ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ബൾബുകളും സോളാർ ചാർജറുകളും സൗജന്യമായി നൽകും. നിരവധിപേർ ഇപ്പോഴും ഇരുട്ടിൽ കഴിയുകയാണെന്ന യാഥാർഥ്യമാണ് സൗജന്യമായി എൽഇഡി ബൾബ് നിർമിച്ച് നൽകാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. അഞ്ച് വാട്ട്സിന്റെയും ഏഴ് വാട്ട്സിന്റെയും ആയിരത്തോളം ബൾബുകളാണ് കുട്ടികൾ നിർമിക്കുന്നത്.  വൈദ്യുതി എത്താത്ത വീടുകളിലേക്കായി നൂറോളം  സോളാർ ചാർജറുകളും നിർമിച്ച് നൽകുന്നുണ്ട് . പഠന സമയം നഷ്ടപ്പെടുത്താതെ ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ്  നിർമാണം. ബൾബുകൾക്കാവശ്യമായ കപ്പാസിസ്റ്റർ, ഡയോഡ്, റസിസ‌്റ്റൻസ് എന്നിവ പിടിഎയുടെ സഹായത്തോടെയാണ് വാങ്ങിയത്.  മൂന്ന് വർഷത്തോളമായി സ്കൂൾ ഇലക‌്ട്രോണിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഉത്പന്നങ്ങൾ നിർമിച്ചു വരികയാണെന്ന് ക്ലബ് കോഓഡിനേറ്റർ ഇ രാഗേഷ് പറഞ്ഞു. 
പ്രധാനാധ്യാപിക പി രത്നവല്ലി, അധ്യാപകനായ കെ ഒ സുജിത്ത് എന്നിവരാണ് കുട്ടികൾക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നത്. അടുത്ത ദിവസത്തോടെ എൽഇഡി ബൾബിന്റെയും സോളാർ ചാർജറിന്റെയും നിർമാണം പൂർത്തിയാകും. ദുരിതബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ബൾബുകൾ കൈമാറാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top