16 July Monday

പാലം വരുന്നു; ആളം ദ്വീപുകാര്‍ക്ക് ഇനി ആശ്വസിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 പൊന്നാനി >  ആളം ദ്വീപുകാര്‍ക്ക്  2018 സ്വപ്ന സാഫല്യത്തിന്റെ വര്‍ഷമാണ്. പാലം എന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു. പാലത്തിനായി 5.55 കോടി രൂപയുടെ ഭരണാനുമതിയായി. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപിലെ 110 കുടുംബങ്ങള്‍ക്ക് പഞ്ചായത്തിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകാന്‍ നാല് അടി വീതിമാത്രമുള്ള നടപ്പാലമാണ് ഇപ്പോള്‍ ഏക ആശ്രയം. 

ടൂവീലറല്ലാതെ മറ്റ് വാഹനങ്ങള്‍ക്ക് ദ്വീപിലേക്ക് പ്രവേശിക്കാനാവില്ല. 32 വര്‍ഷത്തോളം പഴക്കമുള്ള നടപ്പാലം ഏത് നിമിഷവും തകര്‍ന്ന് നിലംപൊത്താവുന്ന അവസ്ഥയിലും. ദ്വീപിലേക്ക് വാഹനങ്ങള്‍ക്ക് വരാവുന്ന പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 110 ഏക്കറില്‍ ബിയ്യം കായലിനോട് ചേര്‍ന്ന കോള്‍നിലങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പാലത്തിനായി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഒരു കോടി രൂപ വകയിരുത്തുകയും അപ്രോച്ച് റോഡടക്കം 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ പ്ളാനും എസ്റ്റിമേറ്റും തയാറാക്കി സമര്‍പ്പിച്ചിരുന്നു. 
 പ്രദേശത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത രീതിയില്‍ 11 മീറ്റര്‍ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പരിമിതി പദ്ധതിക്ക് തടസ്സമായി. ഇതോടെ പ്രദേശവാസികളുടെ സ്വപ്നത്തിന് കരിനിഴല്‍ വീണു. ഒടുവില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെടുകയും പാലത്തിന്റെ വീതികുറച്ച് നിലവില്‍ ഏഴ് മീറ്റര്‍ നീളമുള്ള റോഡിന് അനുസൃതമായ ഏഴ് മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കുന്നതിനായുള്ള പ്ളാനും എസ്റ്റിമേറ്റും പുനര്‍നിര്‍മിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുകയുംചെയ്തതോടെ പദ്ധതിക്ക് പുതുജീവന്‍വച്ചു. ബജറ്റില്‍ വകയിരുത്തിയ പദ്ധതിക്ക്  സര്‍ക്കാരില്‍നിന്ന് 5.55 കോടിയുടെ ഭരണാനുമതിയും ലഭ്യമാക്കി. 
പ്രധാന വാർത്തകൾ
Top