15 November Thursday
വെള്ളപ്പൊക്കം

അതിജീവിക്കും മൺറോതുരുത്ത‌്

പി ആർ ദീപ്‌തിUpdated: Sunday Sep 2, 2018
കൊല്ലം
വെള്ളപ്പൊക്കം വരുത്തിയ കെടുതിയിൽനിന്ന‌് ഉയിർത്തെഴുന്നേൽക്കാൻ മൺറോതുരുത്ത‌്. കെടുതിയിൽ തകർച്ചയിലായ  പ്രാഥമികാരോഗ്യകേന്ദ്രം പുനർനിർമിക്കാൻ ഒരുകോടി 18 ലക്ഷം രൂപയുടെ പ്രൊപ്പോസലുമായി  ആരോഗ്യവകുപ്പ‌്. കൂടാതെ ഇതിനോടൊപ്പം  തകർച്ചയിലായ പട്ടംതുരുത്ത‌് സബ‌്സെന്ററിന‌് 18ലക്ഷം രൂപയുടെ പ്രൊപ്പോസലും സർക്കാരിന‌് സമർപ്പിച്ചു. കല്ലടയാറിന‌ു സമീപത്തായി കൺട്രാംകാണി വാർഡിൽ സ്ഥിതിചെയ്യുന്ന പിഎച്ച‌്സി കെട്ടിടത്തിനാണ‌് വെള്ളപ്പൊക്കത്തിൽ  തകർച്ച നേരിട്ടത‌്. ലാറിബേക്കർ മോഡൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വൻ വിള്ളലുണ്ടായി. അടിസ്ഥാനം താഴ‌്ന്നുപോയി. ഉപ്പുവെള്ളത്തിന്റെ ആധിക്യത്തിൽ  ചുടുകല്ല‌ുകൊണ്ടുള്ള കെട്ട‌് ദ്രവിച്ചതിനാലും സ്ഥിരമായി ഇൗർപ്പം നിലനിൽക്കുന്നതിനാലും വൻ തകർച്ചയെ നേരിടാൻ സാധ്യതയുണ്ടെന്ന‌് പഞ്ചായത്ത‌് അസിസ്റ്റന്റ‌് ‌എൻജിനിയർ നടത്തിയ പരിശോധനാ റിപ്പോർട്ട‌് വ്യക്തമാക്കിയിരുന്നു. ഇനി ഒരു ചെറിയ വേലിയേറ്റത്തെപ്പോലും ഇതിന‌് അതിജീവിക്കാനാകില്ലെന്നാണ‌് വിലയിരുത്തൽ. 20 വർഷം മുമ്പ‌ാണ‌്  കെട്ടിടം നിർമിച്ചത‌്.  പ്ലാസ്റ്റർ ചെയ‌്തിട്ടില്ലാത്തതിനാൽ ചുവരുകൾ ദ്രവിച്ച‌് ഏതു നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയാണ‌്.  മരുന്നു സൂക്ഷിക്കുന്ന മുറി പൂർണമായും തകർച്ചയിലാണ‌്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന‌് ഉപ്പ‌് വേലിയേറ്റം രൂക്ഷമായ ഇവിടെ മിക്ക കെട്ടിടങ്ങളുടെയും അടിസ്ഥാനം താഴ‌്ന്നുപോയിട്ടുണ്ട‌്. സമീപത്തെ റോഡ‌് നിരപ്പിൽനിന്ന‌് ഏറെ താഴ‌്ചയിലാണ‌് പിഎച്ച‌് കെട്ടിടത്തിന്റെ അടിസ്ഥാനം. 
കെട്ടിടത്തിന്റെ മുറികളിലെല്ലാം വെള്ളം കയറിയതോടെ ആശുപത്രി പ്രവർത്തനം വില്ലിമംഗലം വാർഡിലെ സബ‌് സെന്ററിലേക്ക‌ു മാറ്റിയിരുന്നു. കൂടാതെ കുത്തൊഴുക്കിൽ തകർന്ന പുളിമൂട്ടിൽക്കടവ‌് പാലം, ചിറയിൽക്കടവ‌് പാലം, ഈരക്കാട‌് ശ‌്മശാനം റോഡ‌്, അരിനല്ലൂർ‐ പൂളയിൽറോഡ‌്, പെരുങ്ങാലം എച്ച‌്എസ‌് റോഡ‌്, വിളക്കുംതറ റോഡ‌്, അഞ്ചോളം കലുങ്കുകൾ എന്നിവ പുനർനിർമിക്കാൻ അടിയന്തര സഹായം വേണമെന്ന‌് ജില്ലാ വികസന സമിതി യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവയുടെ എസ്റ്റിമേറ്റ‌് അടിയന്തരമായി എടുക്കാൻ കലക്ടർ നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top