21 November Wednesday
ചെന്നൈയിൽനിന്നും എന്റമോളജി സംഘം തൃശൂരിൽ

പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
 
തൃശൂർ
ജില്ലയിൽ പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങി  രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.  ജില്ലയിൽ കൊതുകിന്റെ സാന്ദ്രത വിലയിരുത്തുന്നതിനായി ചെന്നൈയിൽനിന്നും എന്റമോളജി സംഘം സന്ദർശിച്ച് വിശകലനം ചെയ്യുന്നുണ്ട്.  
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കിണറുകളിലെ ക്ലോറിനേഷൻ പ്രവർത്തനം ഊർജിതമാക്കി.  വെള്ളം കൂടുതൽ മലിനമാകാൻ സാധ്യതയുള്ളയിടങ്ങളിൽ ദിവസവും മറ്റിടങ്ങളിൽ ആഴ്ചയിൽ രണ്ട് തവണയും കിണറുകളിൽ സൂപ്പർക്ലോറിനേഷൻ നടത്തിവരുന്നു.  വെള്ളത്തിൽ ക്ലോറിനേഷൻ ഫലപ്രദമായോ എന്ന് തിട്ടപ്പെടുത്തുന്നതിന് ക്ലോറിനേഷൻ ടെസ്റ്റ് കിറ്റ് ജില്ലയിൽ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.  
കുടിവെള്ളം മലിനമായിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  
ജില്ലയിലുടനീളം പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി.  
സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേകം ബോധവൽക്കരണ പരിശീലനം നൽകുന്നുണ്ട്.  എലിപ്പനിക്കെതിരെ ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്നും മലിനജല സമ്പർക്കം ഉണ്ടായിട്ടുള്ളവർ നിർബന്ധമായും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top