22 May Tuesday

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം :സമഗ്ര നിയമനിര്‍മാണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

തിരുവനന്തപുരം > സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന് സമഗ്ര നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. നീറ്റ് പ്രവേശനത്തില്‍ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് 2017-18 വര്‍ഷത്തെ വിദ്യാര്‍ഥിപ്രവേശനം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷാ (നീറ്റ്) റാങ്ക് ലിസ്റ്റില്‍നിന്ന് മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാവു എന്നുമാണ് സുപ്രീംകോടതിവിധി. 

സുപ്രീംകോടതിവിധിയെ തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ച് മന്ത്രി കെ കെ  ശൈലജ യോഗത്തില്‍ വിശദീകരിച്ചു. ഫീസ് നിശ്ചയിക്കേണ്ടത് റെഗുലേറ്ററി കമ്മിറ്റിയാണ്. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റും എന്ന നിലയിലായിരുന്നു വിദ്യാര്‍ഥി പ്രവേശനം. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്മെന്റ് സീറ്റില്‍ കൂടിയ ഫീസുമായിരുന്നു ഘടന. ഈ വ്യത്യാസം പാടില്ലെന്ന് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നു. എന്‍ആര്‍ഐ അടക്കമുള്ള എല്ലാ സീറ്റിലും അഖിലേന്ത്യാ പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കി. സംവരണതത്വം പാലിച്ചുകൊണ്ട് നീറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്റ്് നിര്‍ബന്ധിതമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മെറിറ്റും സാമൂഹ്യനീതിയും ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ടികളും പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണം പ്രവേശനമെന്നും ഏകീകരിച്ച ഫീസ് സമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ലഭിക്കുംവിധം അനുയോജ്യമായ ക്രമീകരണം സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നാണ് നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചത്.  ഇക്കാര്യത്തില്‍ മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തി രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ട നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് സമഗ്രനിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീറ്റ് റാങ്ക് പരിഗണിക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ സി രവീന്ദ്രനാഥ്, ഇ  ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം വിജയകുമാര്‍ (സിപിഐ എം),  കെ എം  മാണി (കേരള കോണ്‍ഗ്രസ് എം),  കെ പ്രകാശ്ബാബു (സിപിഐ), കെ കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്) ഉഴവൂര്‍ വിജയന്‍ (എന്‍സിപി), ജി  സുഗുണന്‍ (സിഎംപി), വി വി രാജേഷ് (ബിജെപി), സി വേണുഗോപാലന്‍നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), വാക്കനാട് രാധാകൃഷ്ണന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), അഡ്വ. ഷാജാജി എസ് പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), പി സി ജോര്‍ജ് എംഎല്‍എ  തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, മുസ്ളിംലീഗ് പ്രതിനിധികള്‍ വിട്ടുനിന്നു. തങ്ങളെ ക്ഷണിച്ചില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. എന്നാല്‍, ഔദ്യോഗിക കത്തിനുപുറമെ മന്ത്രിമാര്‍ നേരില്‍ക്കണ്ട് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരെ യോഗവിവരം അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top