24 September Monday

മുത്തൂറ്റ‌് ഫിൻകോർപ‌് ജീവനക്കാർ ഹെഡ‌്ഓഫീസ‌് ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ പ്രവർത്തകയോഗം കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനംചെയ്യുന്നു

 

കൊച്ചി
മാനേജ‌്മെന്റ‌് തുടരുന്ന തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച‌് മുത്തൂറ്റ‌് ഫിൻകോർപ‌് ജീവനക്കാർ ആഗസ‌്ത‌് 21ന‌് തിരുവനന്തപുരത്തെ ഹെഡ‌് ഓഫീസ‌് ഉപരോധിക്കും. മാനേജ‌്മെന്റ‌് നിലപാട‌് തിരുത്താൻ തയ്യാറായില്ലെങ്കിൽ അനിശ‌്ചിതകാല പണിമുടക്ക‌് അടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക‌് നീങ്ങാനും ആലുവയിൽ ചേർന്ന നോൺ ബാങ്കിങ്‌ ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) മുത്തൂറ്റ‌് ഫിൻകോർപ‌് യൂണിറ്റ‌് പ്രവർത്തകയോഗം തീരുമാനിച്ചു.

അസോസിയേഷൻ നൽകിയ അവകാശപത്രിക സംബന്ധിച്ച‌് ചർച്ചയ‌്ക്കുപോലും മാനേജ‌്മെന്റ‌് തയ്യാറായിട്ടില്ലെന്ന‌് യോഗം വിലയിരുത്തി. തൊഴിൽവകുപ്പ‌് വിളിച്ചുചേർത്ത നാലു ചർച്ചകളും മാനേജ‌്മെന്റിന്റെ നിഷേധാത്മക നിലപാടുമൂലം തീരുമാനമാകാതെ പിരിഞ്ഞു. വാർഷിക ബോണസ‌് മൊത്തം ശമ്പളത്തിന്റെ 20 ശതമാനം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സബ‌്സ‌്റ്റാഫ‌് മുതൽ മാനേജർവരെയുള്ളവർക്ക‌് ഇപ്പോഴും ഒരേ ബോണസാണ‌് നൽകുന്നത‌്.
അസോസിയേഷനിൽ അംഗങ്ങളായ ജീവനക്കാരെ ഭീഷണിപ്പെടുത്തുക, സ്ഥലംമാറ്റുക, അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കുക, ജോലിസമയം വർധിപ്പിക്കുക തുടങ്ങിയ പ്രതികാരനടപടികളാണ‌് മാനേജ‌്മെന്റ‌് സ്വീകരിക്കുന്നത‌്. ഈ സാഹചര്യത്തിലാണ‌് ജീവനക്കാർ പ്രക‌്ഷോഭത്തിലേക്ക‌് നീങ്ങുന്നത‌്.

പ്രവർത്തകയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. അസോസിയേഷൻ ഫിൻകോർപ‌് യൂണിറ്റ‌് സംസ്ഥാന പ്രസിഡന്റ‌് സംഗീത നായർ അധ്യക്ഷയായി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ‌് സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top