25 May Friday

ഇടുക്കി ഭൂപ്രശ്‌നം : സര്‍വകക്ഷിയോഗം വിളിക്കും; മെയ് 21ന് പട്ടയമേള

വെബ് ഡെസ്‌ക്‌Updated: Saturday Apr 22, 2017

തിരുവനന്തപുരം > ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ച് പിന്തുണ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിസ്ഥിതിപ്രവര്‍ത്തകര്‍, മാധ്യമപ്രതിനിധികള്‍, മതമേധാവികള്‍ തുടങ്ങി എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്താകും നടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉന്നതതലയോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. കൈയേറ്റങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുടിയേറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യും. 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും നാല് ഏക്കര്‍ വരെ ഉപാധിയില്ലാതെ പട്ടയം നല്‍കണമെന്നാണ് തീരുമാനം.

മൂന്നാറിലെ ഒഴിപ്പിക്കല്‍ സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാരിനെ അറിയിക്കാതെ ചില നടപടികള്‍ ഉണ്ടായി. മണ്ണുനീക്കല്‍യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ച നടപടി തെറ്റാണ്. ഇത് ശരിയല്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ മൂന്നാറില്‍ ജെസിബി ഉള്‍പ്പെടെയുള്ള മണ്ണുനീക്കല്‍ യന്ത്രങ്ങള്‍ ഒഴിവാക്കണം. ഇടുക്കിയിലെ പട്ടയവിതരണ കാര്യത്തിലും ജാഗ്രതക്കുറവുണ്ടായി. ഇത് പരിഹരിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 21ന് പട്ടയമേള സംഘടിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചുനീങ്ങുന്നതിന് ഉന്നതതലയോഗം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കും. കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന. 

സര്‍ക്കാര്‍ഭൂമി കൈയേറിയവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂ സെക്രട്ടറിക്ക് നല്‍കി, അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണം. ഒഴിപ്പിക്കല്‍നടപടി തുടങ്ങുന്നതിനുമുമ്പ് പ്രാദേശിക രാഷ്ട്രീയകക്ഷികളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം.

കൈയേറ്റം ഒഴിപ്പിക്കുംമുമ്പ് നോട്ടീസ് നല്‍കി വാദം കേള്‍ക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകാം. പത്തുസെന്റുവരെ ഭൂമിയുള്ളവരും എന്നാല്‍, വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തില്‍ കൈയേറ്റമാണെങ്കില്‍പ്പോലും പ്രത്യേക പരിശോധന വേണം. അതേസമയം, പത്തുസെന്റില്‍ കൂടുതല്‍ കൈയേറിയവരില്‍നിന്ന് വീണ്ടെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണം.
മൂന്നാറിലെ എല്ലാ വില്ലേജിലും സര്‍വേ നടത്തി സ്വകാര്യ- സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കണം. സര്‍ക്കാര്‍ഭൂമി ജണ്ടകെട്ടി സംരക്ഷിക്കണം. ഉദ്യോഗസ്ഥരായിരിക്കണം ഭൂമിയുടെ കസ്റ്റോഡിയന്‍മാര്‍. ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. 2010ലെ ഹൈക്കോടതി വിധിയെതുടര്‍ന്ന് മൂന്നാറില്‍ വീടുനിര്‍മാണത്തിന് റവന്യൂവകുപ്പിന്റെ നിരാക്ഷേപപത്രം വേണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിരാക്ഷേപപത്രം നല്‍കുന്നതിനുള്ള അധികാരം വികേന്ദ്രീകരിച്ച് നല്‍കാനും തീരുമാനിച്ചു.
 

ഇടുക്കിയില്‍ ഉപാധിരഹിത പട്ടയം നല്‍കണം: എല്‍ഡിഎഫ്
തിരുവനന്തപുരം >  ഇടുക്കി ജില്ലയില്‍ 1977നുമുമ്പുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിനുമുമ്പ് ഉപാധിരഹിതപട്ടയം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം മെയ് 25 മുതല്‍ വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം ആചരിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് പൊതുയോഗം നടക്കും. അസംബ്ളി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top