14 November Wednesday

ഇടുക്കി ടൂറിസം ഉണർവിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


മൂന്നാർ
ഇടുക്കി ജില്ലയിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള വിലക്ക് കലക്ടർ പിൻവലിച്ചതിനെ തുടർന്ന‌് മൂന്നാറിൽ ടൂറിസം മേഖല ഉണരാൻ തുടങ്ങി. സഞ്ചാരികൾക്കായി രാജമല തുറന്നതും ടൂറിസം മേഖലയ്ക്ക‌് ഉണർവേകുന്നു. ജില്ലയിലേക്ക് ചരക്ക് വാഹനങ്ങൾ തടഞ്ഞും വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയും കഴിഞ്ഞ ഒമ്പതിന്  കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ്  പിൻവലിച്ചത്.

മഹാപ്രളയം മൂലം റോഡുകൾ തകർന്ന സാഹചര്യത്തിലാണ‌് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിച്ചത‌്. ഇതു മൂന്നാർ പോലുള്ള ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായി. കനത്ത മഴയും മണ്ണിടിച്ചിലും പല മേഖലയിലും ഗതാഗതം തടസപ്പെടുത്തിയിരുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ച‌് കഴിയുന്ന ആയിരക്കണക്കിന‌് കച്ചവടക്കാരെ ഇത‌് നിരാശപ്പെടുത്തി. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ പ്രദേശങ്ങളെല്ലാം വിജനമായി. നീലക്കുറിഞ്ഞി സീസൺ മുൻനിർത്തി റിസോർട്ടുകൾ, കോട്ടേജുകൾ എന്നിവ മോടിപിടിപ്പിച്ചും കരാർ അടിസ്ഥാനത്തിൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തും വിനോദ സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ചിരുന്നവരെല്ലാം നിരാശരായി. മൂന്നാറും പരിസര പ്രദേശങ്ങളുമെല്ലാം ആളൊഴിഞ്ഞ നിലയിലായിരുന്നു. കച്ചവടമില്ലാത്തതിനാൽ ചില സ്ഥാപനങ്ങളും ഹോട്ടലുകളും ആഴ്ചകളോളം അടച്ചിട്ടു. ഇവിടെ ജോലി ചെയ‌്തിരുന്നവരെ പിരിച്ചുവിടാനും സ്ഥാപന ഉടമകൾ നിർബന്ധിതരായി. മൂന്നാറിനു സമീപമുള്ള എസ്റ്റേറ്റുകളിൽനിന്നും എത്തുന്നവരെയാണ് മൂന്നാർ ടൗണിൽ കാണാൻ കഴിയുന്നത്. സഞ്ചാരികളെ കിട്ടാതെ നൂറുകണക്കിന് ഓട്ടോ റിക്ഷകളാണ് ടൗണിൽ ആഴ‌്ചകളോളം നിരന്നുകിടന്നത്.

ശനിയാഴ്ച മുതൽ മാട്ടുപ്പെട്ടി അണക്കെട്ടിൽ ബോട്ടിങ് പുനഃരാരംഭിച്ചു. സംസ്ഥാനത്തിന‌് പുറത്തുനിന്നും ഏതാനും സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. നാലുദിവസങ്ങൾക്കകം പെരിയവരൈയിൽ താൽക്കാലിക പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്കായി പാലം തുറക്കുന്നതോടെ രാജമലയിലേക്കും സന്ദർശകരുടെ പ്രവാഹം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top