15 October Monday

തമിഴ്‌നാട്‌ വെള്ളമെടുക്കുന്നു ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് അപകടനിലയ്ക്ക് താഴെ

അബ്ദുള്‍ റസാഖ്Updated: Friday Aug 10, 2018

മുല്ലപ്പെരിയാര്‍ ഡാം (ഫയല്‍ ചിത്രം)

കുമിളി> ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി ഷട്ടറുകള്‍ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അപകടകരമായി ഉയരാത്തത് ആശ്വാസമാകുന്നു. തമിഴ്‌നാട്ടില്‍ മഴ തീരെ കുറവായതിനാല്‍ അവര്‍ നല്ലതോതില്‍ വെള്ളം എടുക്കുന്നതാണ് രക്ഷയായത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 134.50 അടിയായി ഉയർന്നു. വ്യാഴാഴ്ചയിത് 133.60 അടിയായിരുന്നു.തേനി ജില്ലയിലും നേരിയ തോതിലുള്ള മഴയാണുള്ളത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാടിന് രണ്ട് മാർഗങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകാൻ കഴിയുന്നത്. ആകെയുള്ള നാല് പെൻസ്റ്റോക്ക് പൈപ്പ് വഴി മൊത്തം 1600 ഘനയടിയും ഇറച്ചൽപ്പാലം കനാലിലൂടെ സെക്കൻഡിൽ 800 ഘനയടിയും കൊണ്ടുപോകാനാവും.. ഇതിൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ കഴിയില്ല.

അണക്കെട്ട് പ്രദേശത്ത് 24.8 മില്ലീമീറ്ററും തേക്കടിയിൽ 12.4 എംഎം ഉം മഴ പെയ്തു. വ്യാഴാഴ്ചയിത് യഥാക്രമം 115.6 ഉം 56.40 ഉം ആയിരുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
തമിഴ്നാട് സെക്കൻഡിൽ 2000 ഘന അടി കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്ക് 4167.87 ഘനയടി ഒഴുകിയെത്തുന്നുണ്ട്.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയാണ് പെയ്യുന്നത്.  അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഏതാനും ദിവസം മുമ്പ് ജലനിരപ്പ് 136 അടിയ്ക്ക് അടുത്തെത്തിയിരുന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയതോടെ ജലനിരപ്പ് പടിപടിയായി കുറഞ്ഞ് ബുധനാഴ്ച രാവിലെ ആറിന് 132.80 അടിയെത്തിയിരുന്നു. തുടര്‍ന്ന്‍ അവര്‍ വെള്ളം കൊണ്ടുപോകുന്നത് കുറച്ചിരുന്നു.ഇപ്പോള്‍ വീണ്ടും കൂട്ടി.

2500 ഘന അടി വരെ വെള്ളം കൊണ്ടുപോകാമെങ്കിലും അങ്ങനെ ചെയ്‌താല്‍ റോഡ്‌ തകരാനും മറ്റും സാധ്യതയുണ്ട്. മുമ്പ് ഇറച്ചൽപാലത്തും മറ്റും ഇങ്ങനെ റോഡ്‌ തകര്‍ന്നിരുന്നു.

മഴ കനത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോള്‍ തന്നെ  തമിഴ്‌നാട് അത് നന്നായി പ്രയോജനപ്പെടുത്തി. ലോവർ ക്യാമ്പിലെ ആകെയുള്ള നാല് പവർഹൗസിലും വൈദ്യുതോൽപാദനം പൂർണ അളവിൽ നടത്തി. തേക്കടിയിൽ നിന്നും ഭൂഗർഭ ടണൽ വഴി ഒഴുക്കുന്ന വെള്ളം റോസാപ്പൂക്കണ്ടത്തിന് സമീപത്തുള്ള ഫോർബേ അണക്കെട്ടിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ലോവർ ക്യാമ്പിൽ പൂർണതോതിൽ വൈദ്യുതോൽപാദനം നടത്തുന്നു. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്‌നാട് ദിവസവും ഉൽപാദിപ്പിച്ചിരുന്നത്.

ഇതിന് പുറമെ ഇറച്ചൽപാലം കനാലിലൂടെ കാർഷികാവശ്യത്തിനായി തമിഴ്നാട് 700 ഘനയടി വീതം വെള്ളവും കൊണ്ടുപോയി. ഇതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് നിർത്താൻ തമിഴ്‌നാടിന് കഴിഞ്ഞു. സാധാരണ മുല്ലപ്പെരിയാർ മേഖലയിൽ നവംബർ, ഡിസംബർ മാസങ്ങളിലാണ് കനത്ത മഴ പെയ്യാറുള്ളത്. ആ ഘട്ടത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അസാധാരണമായി ഉയരുന്നതും.
 

പ്രധാന വാർത്തകൾ
Top