18 November Sunday

മഴയും പ്രളയവുമൊഴിഞ്ഞു; നിറഞ്ഞൊഴുകിയ മീനച്ചിലാര്‍ വറ്റിവരളുന്നു

സെബിന്‍ ജോസഫ്‌Updated: Saturday Sep 8, 2018

ഈരാറ്റുപേട്ട >  കനത്ത മഴയ്ക്ക് ശമനമായിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളുവെങ്കിലും കര കവിഞ്ഞൊഴുകിയ മീനച്ചിലാര്‍ വരണ്ടുണങ്ങിയ അവസ്ഥയില്‍. പലയിടത്തും നടന്ന് ആറിന്റെ മറുകരയെത്താവുന്ന വിധത്തില്‍ ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. ചിലയിടങ്ങളില്‍ രണ്ടടി പോലും വെള്ളമില്ല. മണല്‍വാരി രൂപപ്പെട്ട കുഴികളില്‍ മാത്രമാണ് ആഴമുള്ളത്. ഈ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത വേനലിനെ എങ്ങനെ നേരിടുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും ചോദിച്ചുതുടങ്ങി.

കിഴക്കന്‍ മേഖലകളില്‍ മഴക്കാലങ്ങളില്‍ സംഭരിച്ചു വയ്ക്കുന്ന വെള്ളമാണ് മീനച്ചിലാറിന്റെ അടിസ്ഥാനം. ഈ മേഖലയില്‍ നിന്നുള്ള ഉറവകള്‍ നീര്‍ച്ചാലുകളായും പുഴകളായും രൂപം മാറി മീനച്ചിലാറാകുകയാണ്.എന്നാല്‍ ഇന്നിവിടെ ഭൂമിയില്‍ ജലം സംഭരിച്ചു നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായി. മഴവെള്ളം സംഭരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതോടെ പുഴകള്‍ക്ക് കരുത്ത് നഷ്ടപ്പെട്ടു.

 വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അരുവിത്തുറ പാലത്തില്‍ വെള്ളം കയറിയപ്പോള്‍

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അരുവിത്തുറ പാലത്തില്‍ വെള്ളം കയറിയപ്പോള്‍



 ഇടനാടുകളിലെ കൃഷിഭൂമികള്‍ ഇല്ലാതാകുകയും കൃഷി രീതികള്‍ മാറുകയും ചെയ്തതോടെ ഇവിടെയും ജലം ശേഖരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതോടെ പെയ്തിറങ്ങുന്ന മഴവെള്ളം പിടിച്ചു നിര്‍ത്തപ്പെടാതെ ഒഴുകി നഷ്ടപ്പെടുകയാണ്.മഴക്കാലങ്ങളില്‍ കുത്തൊഴുക്കും പ്രളയവും മഴ മാറിയാലുടന്‍ വരള്‍ച്ചയും മീനച്ചിലാറ്റില്‍ സ്ഥിരം കാഴ്ചയാവുന്നു. കുത്തൊഴുക്കുമൂലമുള്ള മേല്‍മണ്ണുകൂടി നഷ്ടമാവുകയും ചെയ്യുന്നു.

മുന്‍പ് ഏറ്റവും കൂടുതല്‍ മഴ പെയ്തിരുന്ന ചിറാപുഞ്ചിയില്‍ ഉണ്ടായിരുന്ന കന്യാവനങ്ങള്‍ ഒട്ടുമുക്കാലും നശിപ്പിക്കുകയും കൃഷിഭൂമികളെ മാറ്റിമറിക്കുകയും ചെയ്തതോടെ, ഓരോ വര്‍ഷവും മൂന്നും നാലും പ്രളയവും, മഴ മാറിയാലുടന്‍ കൊടിയ വരള്‍ച്ചയും മൂലം ചിറാപുഞ്ചി നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളവും ഈ അവസ്ഥയിലേയ്ക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന് മീനച്ചിലാറിനു വേണ്ടി രംഗത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഒരു കാലത്ത് വലിയ വള്ളങ്ങള്‍ മീനച്ചിലാറിലൂടെയെത്തി ഈരാറ്റുപേട്ടയിലടക്കം വ്യാപാരം നടന്നിരുന്നുവെന്ന ചരിത്രം വരുംതലമുറക്ക് വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക്  മാറിയ അവസ്ഥ. നദിയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ അതിവേഗമുള്ള അടിയന്തര നടപടികളാണ് ഇനി വേണ്ടതെന്നും മീനച്ചിലാര്‍ നിറഞ്ഞൊഴുകുന്നത് കാണുവാന്‍ ഇനി തുലാമഴ വരേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

  മീനച്ചിലാറിന്റെ കരകളില്‍ ടണ്‍ കണക്കിന് മണലുകളും മണല്‍തരികളും അടിഞ്ഞ് കിടക്കുന്നത് ഇപ്പോള്‍ കാണാം. ഇതുമൂലം മണല്‍ മാഫിയാ വീണ്ടും രംഗത്തെത്തിക്കഴിഞ്ഞു. പകല്‍ സമയങ്ങളില്‍ ചാക്കുകളില്‍ നിറയ്ക്കുന്ന മണല്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കടത്തുന്നത് പതിവായി. ഇത് തടയാന്‍ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രതാ സമിതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.

 

 


പ്രധാന വാർത്തകൾ
Top