കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിന്‍വലിച്ചു; കോപ്പിയടിച്ചത് പേരുപോലും മാറ്റാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 30, 2017, 07:07 AM | 0 min read


കൊച്ചി> മലയാളി എഴുത്തുകാരനായ മനോജ് രവീന്ദ്രന്റെ യാത്രാവിവരങ്ങള്‍ കോപ്പിയടിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ 'സ്പെയിന്‍ കാളപ്പോരിന്റെ നാട്' എന്ന പുസ്തകമാണ് പിന്‍വലിച്ചത്. കാര്യമായ പരിശോധനകൂടാതെയാണ് മാതൃഭൂമി പുസ്തകം പ്രസിദ്ധീകരിച്ചത്.

നിരക്ഷരന്‍ എന്ന പേരില്‍ മനോജ് രവീന്ദ്രന്‍ എഴുതിയിരുന്ന ബ്ളോഗിലെ വിവരണങ്ങള്‍ അതേപടി പകര്‍ത്തിയാണ് കാരൂര്‍ സോമന്‍ പുസ്തക രചന നടത്തിയത്. താന്‍ എഴുതിയ വിവരങ്ങളാണ് പുസ്തകമായി പുറത്തിറങ്ങിയിട്ടുള്ളതെന്ന് മനസിലാക്കി മനോജ് രവീന്ദ്രന്‍ ഇടപെട്ടതോടെയാണ് മാതൃഭൂമി പുസ്തകം പിന്‍വലിച്ചത്. കൂടാതെ കാരൂര്‍ സോമനുമായുള്ള കരാറുകള്‍   റദ്ദാക്കുകയും ചെയ്തു. ഇതേ കുറിച്ച് മനോജ് രവീന്ദ്രന് മാതൃഭൂമി കത്തും നല്‍കി.

കരൂര്‍ സോമനും മനോജ്‌ രവീന്ദ്രനും

മനോജ് രവീന്ദ്രന്‍ തന്റെ യാത്രാകുറിപ്പുകളില്‍ ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഇടക്ക് ഉപയോഗിച്ചിരുന്നു. ആ പേരുകള്‍പോലും ഒരുമാറ്റവുമില്ലാതെയാണ് കാരൂര്‍ സോമന്‍ തന്റെ പുസ്തകത്തില്‍ കോപ്പിയടിച്ചുവെച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മനോജ് രവീന്ദ്രന്‍ ഫേയ്‌സ്‌ബുക്കില്‍ ലൈവ് നടത്തിയിരുന്നു.

സംഭവം വിവാദമായതോടെ മനോജ് രവീന്ദ്രനാണ് തന്റെ പുസ്തകം കോപ്പിയടിച്ചതെന്ന വാദം കാരൂര്‍ സോമന്‍ ഉന്നയിച്ചു. എന്നാല്‍ പൂര്‍ണമായും പിടിക്കപ്പെട്ടതോടെ മനോജ് രവീന്ദ്രന് അഞ്ചുലക്ഷം രൂപ ഓഫര്‍ നല്‍കുകയും പുസ്തകത്തിന്റെ റോയല്‍ട്ടിയില്‍ ഒരുഭാഗം നല്‍കാമെന്നും പുസ്തകത്തില്‍ മനോജിന്റെ പേര് കടപ്പാടായി രേഖപ്പെടുത്താമെന്നും പറയുകയായിരുന്നു.

എന്നാല്‍ എന്തു ഓഫര്‍ തന്നാലും  സംഭവത്തില്‍ പിന്നോട്ടുപോകുന്നില്ലെന്നും ഓണ്‍ലൈനില്‍ നിന്ന് കോപ്പിയടിച്ച് പുസ്തകമാക്കിയ സംഭവം ഒരു ധാര്‍മ്മിക വിഷയമായി ഉന്നയിക്കുമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മനോജ് വ്യക്തമാക്കി.



കാരൂര്‍ സോമന്റെ പുസ്തകം വായിച്ച മനോജിന്റെ സുഹൃത്താണ് സാമ്യം ചൂണ്ടികാണിച്ചത്. മനോജ് ഭാര്യയെ വിശേഷിപ്പിക്കുന്നത് മുഴുങ്ങോടിക്കാരി എന്നാണ്. അതടക്കം അതേപോലെ കാരൂര്‍ സോമന്റെ പുസ്തകത്തിലും ഉണ്ട്. 15 പേജോളം പൂര്‍ണമായും കോപ്പിയടിച്ചിരിക്കയാണ്. മനോജിന്റെ മകളുടെ പേരായ നേഹ എന്നതും എഡിറ്റ്ചെയ്യാതെ പകര്‍ത്തിവെച്ചിട്ടുണ്ട്. ഈ പേജുകളും മനോജ് തന്റെ എഫ്ബി പേജില്‍ ഇട്ടിട്ടുണ്ട്.200 പേജുള്ള  പുസ്തകത്തില്‍ 58 പേജുകള്‍  മനോജ് രവീന്ദ്രന്റെ എട്ടു ബ്ളോഗ് പോസ്റ്റുകളില്‍ നിന്ന് മോഷ്ടിച്ചതാണ്. 10 പേജുകള്‍ മനോജിന്റെ സുഹൃത്ത് സ്പെയിനില്‍ താമസിക്കുന്ന സജി തോമസിന്റെ  2 ലേഖനങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമനെതിരെ മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമന്‍ ബ്രിട്ടനിലെ യുക്മയുടെ സാംസ്കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റര്‍ കൂടിയാണ്. 51 പുസ്തകങ്ങള്‍ കാരൂര്‍ സോമന്റെതായുണ്ട്. ലണ്ടന്‍ ഒളിമ്പിക്സ് നടക്കുന്ന വേദിയില്‍ ഒരിടത്തും വരാതെ മാധ്യമത്തില്‍ ഒളിമ്പിക്സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home