17 August Friday

മനോരമ കുടുംബത്തിന്റെ കൈയേറ്റം: ഭൂമി ഏറ്റെടുത്തതിന‌് സ‌്റ്റേയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ന്യൂഡൽഹി > മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബലനൂർ പ്ലാന്റേഷൻസ് പാട്ടക്കാലാവധി ലംഘിച്ച് കൈവശംവച്ചിരുന്ന പന്തല്ലൂർ ക്ഷേത്രത്തിന്റെ 400 ഏക്കർ സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീംകോടതി സ‌്റ്റേചെയ‌്തില്ല. സർക്കാർനടപടി ചോദ്യംചെയ്ത ഹർജി ഹൈക്കോടതി തള്ളിയതിനെതുടർന്ന് മനോരമ കുടുംബം സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ മദൻ ബി ലോക്കുർ, ദീപക് ഗുപ്ത, എസ് അബ്ദുൾനസീർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. 

അറുപതുവർഷത്തെ പാട്ടത്തിനാണ് ഭൂമി കൈമാറിയിത്. എന്നാൽ, പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുകൊടുത്തിരുന്നില്ല. കേരള ലാൻഡ് കൺസർവൻസി ആക്ടുപ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ‌് കോൺസൽ ജി പ്രകാശും ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിൽ പരാതിയുണ്ടായിരുന്നെങ്കിൽ ബന്ധപ്പെട്ട മേലുദ്യോഗസ്ഥരോട് പരാതി ബോധിപ്പിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇതിന് മുതിരാതെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ ഉത്തരവിൽ നിയമപരമായി തെറ്റില്ല. ഭൂപരിഷ്കരണനിയമത്തിൽനിന്ന‌് സർക്കാർ ഭൂമിയെ ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വസ്തു കൈവശം വയ‌്ക്കാൻ അധികാരമുണ്ടെന്ന വാദം നിലനിൽക്കില്ലെന്നും അഭിഭാഷകർ വാദിച്ചു. ലാൻഡ് കൺസർവൻസി ആക്ടുപ്രകാരം ഭൂമി ഏറ്റെടുക്കാനാകില്ലെന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. തുടർന്ന്, രേഖകൾ വിശദമായി പരിശോധിക്കണമെന്ന നിർദേശത്തോടെ കോടതി കേസ് മാറ്റിവച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top