22 November Thursday

'വിഷമിക്കേണ്ട എല്ലാം ശരിയാകും’ ഹൈദരാബാദിൽനിന്ന‌് പ്രതീക്ഷയുടെ കുഞ്ഞു കുറിപ്പ‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


കൊച്ചി
'വിഷമിക്കേണ്ട എല്ലാം ശരിയാകും' ഹൈദരാബാദിൽനിന്ന‌് കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാധനങ്ങൾക്കൊപ്പം ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ഹൈദരാബാദിലെ ടൈംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ മാളവിക അലീക്കലാണ്  കേരളത്തിലെ ദുരിതബാധിതർക്കായി വിദ്യാലയത്തിൽ ശേഖരിച്ച സാധനങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതി വച്ചത്.

പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിനു പുറത്താണെങ്കിലും ജന്മംകൊണ്ട് മലയാളിയാണ് മാളവിക. കേരളത്തിൽ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോൾ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതർക്ക് വിദ്യാലയത്തിൽനിന്നും അവശ്യസാധനങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി എല്ലാവരോടും തങ്ങളാൽ കഴിയുന്നത് കൊണ്ടുവരാൻ സ്കൂൾ അധികൃതർ നിർദേശിച്ചു. ഇതുപ്രകാരം അമ്മയോട് പറഞ്ഞ‌് മാളവിക സാധനങ്ങൾ വാങ്ങിപ്പിച്ചു.  അതിനൊപ്പം ആശ്വാസവാക്കുകളും അവൾ എഴുതിച്ചേർത്തു. മലയാളം എഴുതാൻ അറിയാത്തതിനാൽ  don't worry  എന്നതിന്റെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ്  വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നൽകിയത്. അതിനുതാഴെ മാളവിക തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും വരച്ചുചേർത്തു.

ടൈംസ് സ്കൂളിൽ പല വിദ്യാർഥികളിൽനിന്നും   ശേഖരിച്ച സാധനങ്ങൾ ഹൈദരാബാദിലെ ഗൂഞ്ച് ട്രോപ്പിങ് സെന്ററിലാണ് ഏൽപ്പിച്ചത്. വിവിധ ഭാഗങ്ങളിൽനിന്നും ഇവിടെ എത്തിയ സാധനങ്ങൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനിടയിലാണ് മാളവികയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ആ കുറിപ്പും സാധനങ്ങൾക്കൊപ്പം ചേർത്ത് ഹൈദരാബാദിൽനിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മാങ്കാവ് പട്ടേൽതാഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക. അഞ്ചുകൊല്ലം ഡെൽഹിയിലെ പഠനത്തിനുശേഷം ഈ പതിനൊന്നു വയസ്സുകാരി തെലുങ്കാനയിലെ ടൈംസ് സ്കൂളിൽ ചേർന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top