ലുബാന് കേരളതീരത്ത്; പിന്നാലെ ശാസ്‌ത്രലോകം

തിരുവനന്തപുരം > ഉപഗ്രഹങ്ങള് പിന്തുടരുന്ന കൂനന് തിമിംഗലങ്ങളില് (ഹമ്പ്ബാക്ക് വെയ്ല്) ഒന്നായ 'ലുബാന്' കേരളതീരത്ത്. കൌതുകത്തോടെ ശാസ്ത്രലോകം പിന്നാലെ. പുതുവര്ഷത്തില് കേരളതീരത്ത് എത്തിയ കൂറ്റന് തിമിംഗലം ആലപ്പുഴയില്നിന്ന് തെക്കോട്ട് നീങ്ങുകയാണ്. ഒമാന് തീരത്തുനിന്ന് ഗോവ വഴിയായിരുന്നു വരവ്. കൊച്ചി വഴി ആദ്യം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയ ലുബാന് അപ്രതീക്ഷിതമായി കൊച്ചിഭാഗത്തേക്ക് തന്നെ തിരിഞ്ഞെങ്കിലും മടങ്ങയെത്തി. രണ്ട് ദിവസത്തിനകം കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയില് വിഐപി തിമിംഗലത്തെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്.
വംശനാശഭീഷണി നേരിടുന്ന അപൂര്വ ഇനമാണ് എന്വയോണ്മെന്റ് സൊസൈറ്റി ഓഫ് ഒമാന് ഉപഗ്രഹസഹായത്തോടെ ടാഗ് ചെയ്ത 14 കൂനന് തിമിംഗലങ്ങളില് ഒന്നായ ലുബാന്. മാസിറ ഉള്ക്കടലില് കഴിഞ്ഞ നവംബറിലാണ് ഈ പെണ്തിമിംഗിലത്തെ കണ്ടെത്തിയത്. പ്രതിവര്ഷം 25,000 കിലോമീറ്റര് ദേശാടനം നടത്തുന്ന കൂനന് തിമിംഗലങ്ങള് ലോകത്തില് ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള് ആണ്. അറബിക്കടലില് കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ കൂനന് തിമിംഗലങ്ങള് ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല് ഒമാനില്നിന്ന് യാത്രതുടങ്ങിയ ലുബാന് 1500 കിലോമീറ്റര് യാത്ര ചെയ്താണ് ഡിസംബര് അവസാനവാരം ഗോവന് തീരത്തെത്തിയത്. പിന്നീട് കേരളതീരത്തേക്ക് നീങ്ങുകയായിരുന്നു. നിലവില് തീരത്ത് നിന്ന് 20മുതല് 30 കിലോമീറ്റര് വരെ അകലെയാണ് ലുബാന്റെ സഞ്ചാരമെന്നാണ് ഉപഗ്രഹങ്ങള് നല്കുന്ന വിവരം. ഒപ്പം ഒരു കുഞ്ഞന് തിമിംഗലമുണ്ടെന്നും സംശയിക്കുന്നു.
അറബിയില് കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന് കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട 'കൈകളു'ടെ അരികുകളിലും കാണുന്ന മുഴകള് ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില് വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. അറേബ്യന് സീ വെയ്ല് നെറ്റ്വര്ക്ക് പ്രതിനിധി ഡോ. ദീപാനി സുതാരിയ, കേരള സര്കലാശാല അക്വാട്ടിക് ബയോളജി അന്ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര് എന്നിവരുടെ നേതൃത്വത്തില് ശാസ്ത്രസംഘം ലുബാനെ പിന്തുടരുകയാണ്. കോസ്റ്റ് ഗാര്ഡ്, മത്സ്യത്തൊഴിലാളികള് തുടങ്ങിയവയുടെ സഹായത്തോടെ ലുബാന്റെ സാന്നിധ്യം രേഖപ്പെടുത്താനാണ് ശ്രമം.










0 comments