നേപ്പാളിലെ മലയാളി സംഘം സുരക്ഷിതര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 27, 2015, 12:15 AM | 0 min read

പാലക്കാട് > ""റോഡിലും പൊതുസ്ഥലത്തും കൂടിനില്‍ക്കുന്ന കുടുംബങ്ങള്‍, ഇടയ്ക്കിടെ നേരിയ കുലുക്കങ്ങള്‍, ഒന്നും കൂസാതെ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍. അതിനിടയില്‍ ജീവന്‍ മുറുകെ പിടിച്ചാണ് യാത്ര. മല വെട്ടിയുണ്ടാക്കിയ പാതയിലൂടെ ബസ് ചുരമിറങ്ങുമ്പോഴൊക്കെ മണ്ണിടിയുമോ ഭൂമികുലുങ്ങുമോ എന്ന ഭീതി''- കേരളത്തില്‍നിന്ന് നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ സംഘത്തിലെ ബി എം മുസ്തഫയും ഷാജുദ്ദീനും "ദേശാഭിമാനി'യോട് പറഞ്ഞു. "കള്‍ച്ചറല്‍ കൊളീഗ്സ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 35 പേരടങ്ങുന്ന മലയാളിസംഘം കഴിഞ്ഞയാഴ്ച നേപ്പാളിലേക്ക് തിരിച്ചത്. സംഘത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരാണ്്. സംഘത്തില്‍ സ്ത്രീകളും പത്ത് കുട്ടികളുമുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും തങ്ങള്‍ യുപി-നേപ്പാള്‍ അതിര്‍ത്തിയായ സനോലിയിലേക്ക് നീങ്ങുകയാണെന്നും ഞായറാഴ്ച ഉച്ചയോടെയാണ് അവര്‍ പറഞ്ഞത്.

പാലക്കാട് ചിറ്റൂര്‍ കോളേജില്‍നിന്ന് വിരമിച്ച അധ്യാപകനാണ് പ്രൊഫ. ബി എം മുസ്തഫ, കോഴിക്കോട് ചെലവൂര്‍ സ്വദേശിയാണ് ഷാജുദ്ദീന്‍. വാരാണസി കണ്ടശേഷം സനോലി വഴി ശനിയാഴ്ച പൊഖറയില്‍ എത്തി. യോദ്ധ സിനിമ ചിത്രീകരിച്ച പൊഖറയിലെ വവ്വാലുകളുടെ ഗുഹ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് പകല്‍ 11ന് ഭൂമികുലുക്കമുണ്ടായത്. റോഡില്‍നിന്ന് തെന്നിപ്പോകുന്നതുപോലെയായിരുന്നു അനുഭവം. ഉടന്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ആളുകള്‍ ഓടി റോഡിലിറങ്ങിനിന്നു. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ നിലംപതിച്ചു. കാഠ്മണ്ഡുവില്‍നിന്ന് അകലെയായതിനാല്‍ ഭീതിദമായ അപകടം നേരിടേണ്ടിവന്നില്ല. സംഭവത്തിന്റെ ഗൗരവം അറിഞ്ഞത് കാഠ്മണ്ഡുവില്‍നിന്ന് വാര്‍ത്ത ലഭിച്ചപ്പോഴാണ്. നാട്ടില്‍നിന്ന് ബന്ധുക്കള്‍ വിളിച്ചുതുടങ്ങി.

മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ പലര്‍ക്കും സംസാരിക്കാനായില്ല. ശനിയാഴ്ച രാത്രി വീടുകളിലേക്കും ഹോട്ടലുകളിലേക്കും മടങ്ങിപ്പോകാന്‍ അധികൃതര്‍ അനുവദിച്ചില്ല. പ്രദേശവാസികള്‍ റോഡിലായിരുന്നു - മുസ്തഫ പറഞ്ഞു. ഞായറാഴ്ച കാഠ്മണ്ഡുവിലേക്ക് തിരിച്ച് അവിടെ നാലുദിവസം ചെലവഴിക്കാനായിരുന്നു ഉദ്ദേശ്യം. ഭൂകമ്പത്തിന്റെ ഭീകരത പുറത്തുവന്നതോടെ ഞായറാഴ്ച രാവിലെ സനോലിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഗൊരഖ്പൂരായിരുന്നു ലക്ഷ്യം. വീണ്ടും കുലുക്കമുണ്ടാവുമെന്നും യാത്ര തുടരരുതെന്നും അറിയിപ്പ് കിട്ടിയതിനാല്‍ യാത്രയ്ക്കിടെ ബസ് സുരക്ഷിതസ്ഥലത്ത് നിര്‍ത്തി. രാത്രിയോടെ സനോലിയില്‍ എത്തി. -ഷാജുദ്ദീന്‍ അയച്ച എസ്എംഎസ് സന്ദേശത്തില്‍ പറഞ്ഞു.സംഘത്തിന്റെ മടക്കടിക്കറ്റ് മെയ് ഒന്നിനാണ്്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home