സാലിഹ സ്കൂള്‍ ഇനി ഓര്‍മ: കുരീപ്പുഴയിലെ അക്ഷരദീപം അണഞ്ഞു

കൊല്ലം > അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികള്‍ ഇല്ലെന്ന പേരില്‍ കുരീപ്പുഴ സാലിഹ മെമ്മോറിയല്‍ ഹൈസ്കൂള്‍ അടച്ചുപൂട്ടി സര്‍ക്കാര്‍ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയില്‍ കണ്ണുവച്ചു മാനേജ്മെന്റ് സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി സ്കൂള്‍ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷവും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ പ്രവര്‍ത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികള്‍ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളില്‍നിന്നുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ പണംനല്‍കി സ്വാധീനിച്ച് സ്കൂള്‍ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു.
മൂന്നു വര്‍ഷംമുമ്പ് ഒമ്പത് അധ്യാപകരും നാല് ജീവനക്കാരും സ്കൂളിലുണ്ടായിരുന്നു. പ്രൊട്ടക്ഷന്‍ ലഭിച്ച രണ്ട് അധ്യാപകര്‍ കഴിഞ്ഞ ദിവസം വിരമിച്ചു. ഡിവിഷന്‍ ഇല്ലാതായതോടെ വര്‍ക്കിങ് അറേഞ്ചുമെന്റില്‍ രണ്ടുപേരെ കരുനാഗപ്പള്ളിയിലെ സ്കൂളിലേക്കു മാറ്റി. ഒരു പ്യൂണിനെ ശങ്കരമംഗലം സ്കൂളിലേക്കും മറ്റൊരു പ്യൂണിനെയും ക്ലര്‍ക്കിനെയും പുത്തന്‍തുറ സ്കൂളിലേക്കും മാറ്റി. നിലവില്‍ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക മാത്രമാണ് സ്കൂളിലുള്ളത്. അവര്‍ അടുത്ത മാര്‍ച്ചില്‍ വിരമിക്കും.
പുതിയ മാനേജര്‍ 1984ല്‍ ചുമതല ഏറ്റെടുത്തതോടെയാണ് സ്കൂളിനെ തകര്‍ക്കാന്‍ രഹസ്യനീക്കങ്ങള്‍ ആരംഭിച്ചതെന്ന് ആക്ഷേപമുണ്ട്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്കൂള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് 2012-13 അധ്യയന വര്‍ഷം മാനേജര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ആറു വര്‍ഷമായി പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം നേടുന്ന സ്കൂള്‍ പൂട്ടാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുണ്ടായിരുന്ന കുട്ടികളെല്ലാം ടിസി വാങ്ങി പോയതോടെ സ്കൂള്‍ പൂട്ടാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സ്കൂളിന്റെ അഞ്ച് ഏക്കറില്‍ ഒന്നര ഏക്കര്‍ പലപ്പോഴായി വിറ്റു. മുസ്ലിംലീഗിലെ ഉന്നത നേതാവിന്റെ സ്വാധീനത്തിലാണ് സ്കൂള്‍ പൂട്ടാന്‍ മാനേജ്മെന്റ് നീക്കങ്ങള്‍ നടത്തിയതെന്ന് ആക്ഷേപമുണ്ട്.
ഒരുകാലത്ത് ശക്തികുളങ്ങര, നീണ്ടകര, ഇരവിപുരം ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍വരെ ഇവിടെ പഠിച്ചിരുന്നു. മികച്ച അധ്യയന നിലവാരം ജില്ലയിലെ മികച്ച വിദ്യാലയമെന്ന നിലയിലേക്ക് സ്കൂളിനെ ഉയര്‍ത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉള്‍പ്പെടെ പ്രശസ്തരായ പലരും സാലിഹ സ്കൂളിലാണ് വിദ്യാഭ്യാസം നേടിയത്. സാലിഹ സ്കൂളില്‍ പഠിച്ച് ഡോക്ടര്‍മാരും അഭിഭാഷകരും ആയവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ നിരവധിയാണ്. സ്കൂളിന്റെ തകര്‍ച്ചയില്‍ അക്ഷര സ്നേഹികളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും കടുത്ത നിരാശയിലാണ്.









0 comments