ഞായറാഴ്ച മികച്ച നാടകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2014, 01:16 AM | 0 min read

തൃശൂര്‍: സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന അമച്വര്‍ നാടകമത്സരത്തില്‍ കൊച്ചി ആക്ടേഴ്സ് തിയറ്ററിന്റെ "ഞായറാഴ്ച' മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ "കാണി'യാണ് രണ്ടാമത്തെ മികച്ച നാടകം. മികച്ച സംവിധായകനായി ഷൈജു അന്തിക്കാടും (ഞായറാഴ്ച), നടിയായി ഇതേ നാടകത്തിലെ ഹിമ ശങ്കറും നടനായി ഇതേ നാടകത്തില്‍ വേഷമിട്ട സത്യജിത്തും രചനയ്ക്ക് ശശിധരന്‍ നടുവിലും (സേവ് ഔവര്‍ സോള്‍) തെരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"കാണി'യിലെ അഭിനയത്തിന് സുധി പാനൂര്‍ മികച്ച രണ്ടാമത്തെ നടനായും സേവ് ഔവര്‍ സോളിലെ അഭിനയത്തിന് സന്ധ്യ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. "എറന്‍ഡിറ ഒരു രാജ്യമാണ്' സംവിധായകന്‍ ശരത് രേവതിയാണ് മികച്ച രണ്ടാമത്തെ സംവിധായകന്‍. രണ്ടാമത്തെ മികച്ച രചനയ്ക്ക് ജിനോ ജോസഫ് (കാണി) അര്‍ഹനായി.മേഖലാ മത്സരങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് നാടകമാണ് സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തത്. ആറ് നാടകത്തിനും ഒരുലക്ഷം രൂപവീതം ധനസഹായം അക്കാദമി നല്‍കും. മികച്ച നാടകത്തിന് ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും 25,000 രൂപയും ലഭിക്കും.

മികച്ച സംവിധാനത്തിനും രചനയ്ക്കും രണ്ടാമത്തെ നാടകത്തിനും 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും നല്‍കും. മികച്ച നടന്‍, നടി, രണ്ടാമത്തെ മികച്ച സംവിധാനം, രണ്ടാമത്തെ രചന എന്നിവയ്ക്ക് 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ നടനും നടിക്കും 5,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് നല്‍കുക. ഹരികുമാര്‍, രമേഷ്വര്‍മ, മഞ്ജുളന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് മികച്ച നാടകങ്ങളെ തെരഞ്ഞെടുത്തത്. ചന്ദ്രദാസന്‍, രമേഷ്വര്‍മ, അഡ്വ. എം വിനോദ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് നാടകരചനയിലെ വിധിനിര്‍ണയിച്ചത്. മികച്ച നാടകങ്ങളാണ് മത്സരത്തിനെത്തിയതെന്ന് ജൂറി വിലയിരുത്തി.നാടകപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പുരസ്കാരത്തുക നിലവിലുള്ളതിന്റെ ഇരട്ടിയോളമെങ്കിലും നല്‍കണമെന്ന് അക്കാദമിയോട് ആവശ്യപ്പെട്ടതായി ജൂറി അംഗങ്ങള്‍ പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍, ജൂറി അംഗങ്ങളായ മഞ്ജുളന്‍, ഹരികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി കെ ഹരിദാസന്‍, പ്രോഗ്രാം ഓഫീസര്‍ എ വി രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home