21 September Friday

രണ്ടിടത്ത് ഉരുൾപൊട്ടി: ഇരിട്ടി -കുടക് -ബംഗളൂരു പാതയിൽ ഗതാഗതം നിലച്ചു; വാഹനങ്ങൾ മാനന്തവാടി വഴി കർണാടകത്തിലേക്ക് സർവീസ് നടത്തുന്നു

മനോഹരൻ കൈതപ്രംUpdated: Wednesday Jun 13, 2018

കർണാടകത്തിലെ മാക്കൂട്ടം ബ്രഹ്മഗിരി വനത്തിലെ ഉരുൾപൊട്ടലിൽ ഇരിട്ടി ബംഗളൂരു പാത മാക്കൂട്ടത്ത് തകർന്ന നിലയിൽ.

ഇരിട്ടി>കുടകിലെ മാക്കൂട്ടം വനത്തിലും കേരളാതിർത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉരുൾപൊട്ടി. മാക്കൂട്ടത്ത് ചുരം റോഡിൽ അമ്പുവിന്റെ കടക്ക് മുന്നിലാണ് ഉരുൾപൊട്ടി വൻമരങ്ങളും കൂറ്റൻ പാറക്കെട്ടുകളും മലവെള്ളപ്പാച്ചിലും പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ചൊവ്വാഴ്ച രാത്രി പത്ത് മുതൽ ഇരട്ടി ശക്തിയോടെ തിമർത്ത കാലവർഷത്തിൽ മാക്കൂട്ടം വനമേഖലയിലാകെ പരക്കെ ഉരുൾപൊട്ടി. ഉരുൾപൊട്ടിയെത്തിയ ക്രമാതീത ഒഴുക്കിൽ തോടുകളും മാക്കൂട്ടം പുഴയും കരകവിഞ്ഞ് ഗതി മാറി. അമ്പുവിന്റെ കടയുടെ അസ്ഥിവാരമടക്കം തറയാകെ കുത്തിയൊലിച്ചു. മാക്കൂട്ടം പാലം കവിഞ്ഞ കുറഞ്ഞാഴുക്കിൽ റോഡിന് കുറുകെ വന്മരങ്ങൾ അടിഞ്ഞുകിടപ്പാണ്. ഇതു വഴി ബംഗളൂരു, മൈസൂരു, കുടക് മേഖലയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു.കിളിയന്തറ ചെക് പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള ചരക്ക് ലോറികളും പെരമ്പാടി ചെക്പോസ്റ്റിൽ  കർണാടകത്തിൽ നിന്നെത്തിയ വണ്ടികളും കുടുങ്ങിക്കിടപ്പാണ്. കാറുകളും ബസുകളും അടക്കം ഇരു സംസ്ഥാനങ്ങളിലെയും അത്യാവശ്യ വാഹനക്കൾ മാനന്തവാടി ബാവലി വഴി തിരിച്ചുവിടുകയാണ്. 

 ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടത്തെ അമ്പുവിന്റെ കട.

ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടത്തെ അമ്പുവിന്റെ കട.

മാക്കൂട്ടത്ത് പൊലീസ് വനം ചെക്പോസ്റ്റുകളും പിക്കറ്റുകളും പ്രവർതിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്നു. ഹെക്ടർ കണക്കിന് റബർ തോട്ടങ്ങളും കൃഷിയിടങ്ങളും കുത്തിയൊലിച്ചു പോയി.

അയ്യങ്കുന്നിലെ പാറയക്കാമല ഉരുൾപൊട്ടലിൽ രണ്ട് ഗ്രാമീണ റോഡുകളിൽ ഗതാഗതം നിലച്ചു. കൃഷിയിടങ്ങൾ തകർന്നു.  പഴശ്ശിപദ്ധതി മുഖ്യ കൈവഴിയായ ഇരിട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പലേടത്തും പുഴ ഗതി മാറി. ഒഴുക്കും കനത്തു. വള്ളിത്തോട് പുഴ കരകവിഞ്ഞ് ടൗണിൽ ചൊവ്വാഴ്ച രാത്രി വെള്ളപ്പൊക്കമുണ്ടായി. കോളിക്കടവിൽ ചൊവ്വാഴ്ച രാത്രി വെള്ളപ്പൊക്ക ഭീതിയിൽപെട്ട കുടുംബങ്ങളെ സിപിഐ എം ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു.


ബുധനാഴ്ച രാവിലെയോടെ വെള്ളപ്പൊക്ക ഭീതിയകന്നു.കൂട്ടുപുഴ കരകവിഞ്ഞതിനാൽ മാക്കൂട്ടത്തും കിളിയന്തറയിലുമുള്ള 15 പുഴയോര കുടുംബങ്ങളെ ചൊവ്വാഴ്ച അർധരാത്രിയോടെ മാറ്റിപ്പാർപ്പിച്ചു.കിളിയന്തറ ഹൈസ്കൂൾ ക്ലാസുകളിലെ ഏതാനും ഡിവിഷനുകൾക്ക് കലക്ടറുടെ ഉത്തരവിൽ അവധി നൽകിയാണ് ക്ലാസുമുറികൾ ദുരിതാശ്വാസ ക്യാമ്പുകളാക്കിയത്.പായം പഞ്ചായത്ത് പ്രസിഡണ്ട് എൻ അശോകൻ, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സെബാസ്റ്യൻ, ഇരിട്ടി താസിൽദാർ കെ കെ ദിവാകരൻ, പൊലീസ്, റവന്യൂ, ഫയർഫോഴ്സ് അധികൃതർ എന്നിവർ സ്ഥലത്തുണ്ട്. ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തിൽ ജില്ലാ കൺട്രോൾ യൂനിറ്റും സ്ഥലത്തെത്തും. സണ്ണി ജോസഫ് എംഎൽഎ സ്ഥലത്തെത്തി. വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്പിൽ കൂടുതൽ സഹായങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ച് എത്തിക്കുമെന്ന് തഹസിൽദാർ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളെ നേരിൽ അറിയിച്ചു.

കിളിയന്തറയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ.

കിളിയന്തറയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ.

പ്രധാന വാർത്തകൾ
Top