14 November Wednesday

പ്രവാസി ചിട്ടിയിൽ 80,000 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


സ്വന്തം ലേഖകൻ
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന‌് വിഭവം കണ്ടെത്താനായി കെഎസ‌്എഫ‌്ഇ മുഖേന ആരംഭിച്ച പ്രവാസി ചിട്ടിക്ക‌് ആദ്യദിനങ്ങളിൽത്തന്നെ വലിയ പ്രതികരണം. 19ന‌് ആരംഭിച്ച ഓൺലൈൻ രജിസ‌്ട്രേഷനിൽ ഇതുവരെ 80000 പേർ രജിസ്റ്റർ ചെയ‌്തു. ലക്ഷ്യമിട്ട മേഖലകളിലെല്ലാം മികച്ച പ്രതികരണമാണെന്ന‌് കെഎസ‌്എഫ‌്ഇ വ്യക്തമാക്കി. ബാങ്ക‌് നിക്ഷേപത്തിനേക്കാൾ ചിട്ടിക്കുള്ള പ്രത്യേകതകളാണ‌് നിക്ഷേപകരെ ആകർഷിക്കുന്നത‌്. ബാങ്കുകളിൽനിന്ന‌്  കിട്ടുന്ന പലിശയ്ക്ക് വരുമാന നികുതി കൊടുക്കണം. ചിട്ടിയിൽ പലിശ ഇല്ല. പക്ഷേ, ഫോർമാൻസ് കമീഷന് 12 ശതമാനം ചരക്ക‌് സേവന നികുതിയുണ്ട‌്‐അത‌ും അഞ്ചുശതമാനം മാത്രം. മുടക്കുന്ന തുകയുടെ 0.6 ശതമാനം. ബാങ്കിലാണെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ 0.9 ശതമാനം നികുതി നൽകണം.

സ്ഥിരനിക്ഷേപങ്ങളിൽ പണം കാലാവധി തീർന്നേ പിൻവലിക്കാനാകൂ. എന്നാൽ, ചിട്ടിയിൽ ഇറക്കുന്ന പണം അത്യാവശ്യംവന്നാൽ ലേലം വിളിച്ച് എടുക്കാം. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അപകട ഇൻഷുറൻസ‌് പരിരക്ഷയുണ്ട‌്. അപകടംമൂലം പണിയെടുക്കാൻ കഴിയാതെവന്നാൽ മിച്ച ഗഡുക്കൾ ഇൻഷുറൻസ് കമ്പനി അടയ‌്ക്കും. മരിച്ചാലും ഈ ആനുകൂല്യം ഉറപ്പ‌്. മൃതദേഹം കെഎസ്എഫ്ഇയുടെ ചെലവിൽ നാട്ടിലെത്തിക്കും. എൽഐസിയുമായി ചേർന്ന് പെൻഷൻ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ വിവിധ ചിട്ടി പദ്ധതികളിൽ  35 ലക്ഷം വരിക്കാർ കെഎസ‌്എഫ‌്ഇയിലുണ്ട‌്.

ഒരു കോടിയോളം ആളുകളുമായി ഇടപാട് നടത്തുന്നു. കേരളത്തിലേയ്ക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ ഗണ്യമായ പങ്കും ബാങ്ക് ചാനൽ വഴി വ്യാവസായികമായി മുന്നോക്കംനിൽക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകുകയാണ്. അത് നാടിന് ഗുണമുണ്ടാകുന്ന രീതിയിൽ തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌്  വ്യക്തമാക്കി‌.

പ്രധാന വാർത്തകൾ
Top