24 September Monday

കെഎസ‌്എഫ‌്ഇ: പുതിയ തസ‌്തിക സൃഷ്ടിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018


തിരുവനന്തപുരം
കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസിൽ മാനേജീരിയൽ തലത്തിൽ 28 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റോഡ് കണക്ടിവിറ്റി പാക്കേജിൽ വികസിപ്പിക്കുന്ന കുറ്റ്യാടി‐ നാദാപുരം, പെരിങ്ങത്തൂർമേക്കുന്ന്‐പാനൂർ‐ പൂക്കോട്, കൂത്തുപറമ്പ് ‐മട്ടന്നൂർ, മാനന്തവാടി ബോയ്സ് ‐ടൗൺ, പോരാവൂർ‐ശിവപുരം‐ മട്ടന്നൂർ റോഡുകളുടെ ജോലികൾ കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

മുൻ ദേശീയ കബഡി കായികതാരം പി കെ രാജിമോൾക്ക് കേരള സ്പോർട്സ് കൗൺസിലിൽ ക്ലർക്ക് തസ്തികയിൽ സ്ഥിരം നിയമനം നൽകും. ഇപ്പോൾ താൽക്കാലിക അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായി ജോലിചെയ്യുകയാണ് രാജിമോൾ. കളിക്കളത്തിലുണ്ടായ പരിക്കും സാമ്പത്തിക പിന്നോക്കാവസ്ഥയും പരിഗണിച്ചാണ് തീരുമാനം.

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം അനുവദിക്കും. തേയിലത്തോട്ടം തൊഴിലാളികൾക്ക് വേതന കുടിശ്ശിക നൽകാൻ കണ്ടിജൻസി ഫണ്ടിൽ നിന്ന് 2.79 കോടി രൂപ അഡ്വാൻസ് സ്വീകരിക്കാൻ ലേബർ കമീഷണർക്ക് അനുമതി നൽകി.
 

പ്രധാന വാർത്തകൾ
Top