19 September Wednesday

മറ്റേതെങ്കിലും പത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പത്രമല്ല ദേശാഭിമാനി; ഡിസംബറില്‍ പത്തുലക്ഷം കോപ്പികളുള്ള പത്രമാക്കി അതിനെ മാറ്റും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

ആലപ്പുഴ > ഇന്ന് കേരളത്തില്‍ ദേശാഭിമാനിക്ക് ഏഴുലക്ഷം കോപ്പികളാണുള്ളതെന്നും ഈ ഡിസംബര്‍ മാസത്തോടെ പത്ത് ലക്ഷം കോപ്പികളുള്ള പത്രമാക്കി ദേശാഭിമാനിയെ മാറ്റേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലത്തുനിന്നും മറ്റൊരെഡിഷന്‍  അടുത്ത് തന്നെ ആരംഭിക്കാന്‍ പോകുകയാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന   പരിപാടിയില്‍ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം

മറ്റേതെങ്കിലും പത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പത്രമല്ല ദേശാഭിമാനി.വസ്തുതകളും സത്യങ്ങളും ജനങ്ങളില്‍ എത്തിക്കാനാണ് ദേശാഭിമാനി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മാധ്യമരംഗത്തുള്ള മറ്റു പത്രങ്ങളെ ശത്രുക്കളായി കണ്ടുകൊണ്ടല്ല ഈ പത്രത്തിന്റെ പ്രവര്‍ത്തനം. ഇന്നത്തെ ചടങ്ങിന്റ ഒരു പ്രധാന പ്രത്യേകതയാണ് മലയാള മനോരമ പത്രത്തിന്റെ എഡിറ്റര്‍ ഫിലിപ്പ് മാത്യു ചടങ്ങില്‍ പങ്കെടുക്കുന്നു എന്നത്.

മാതൃഭൂമിയുടെ എംഡി എംവി ശ്രേയാംസ്‌കുമാറും കേരള കൗമദിയുടെ ദീപു രവിയും നമ്മോടൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഈ പത്രങ്ങളൊന്നും പരസ്പരം ശത്രുക്കളല്ലെന്നും ശരിയായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചേരുന്നതിനുള്ള അശയപരമായ സംവാദങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങളുമാണതെന്നും കോടിയേരി വിശദീകരിച്ചു. മലയാള മനോരമ ദേശാഭിമാനിയുടെ ഇത്തരത്തിലുള്ള എല്ലാ ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്; അദ്ദേഹം പറഞ്ഞു

 ദേശാഭിമാനി ഇനിയും കൂടുതല്‍ വീടുകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരും വായിക്കുന്ന പത്രമായി ഈ പത്രം മാറണം. ഇതിന് കരുത്ത് നല്‍കുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നതെന്നും കോടിയേരി വിശദീകരിച്ചു. മാധ്യമരംഗത്ത് സോഷ്യല്‍ മീഡിയയും ടെലിവിഷനും ശക്തമായി പ്രവര്‍ത്തിക്കുകയാണെങ്കിലും അച്ചടി മാധ്യമത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top