19 October Friday
കൊച്ചി കപ്പല്‍ശാലയെ വെട്ടി

റഫേലിനു പിന്നാലെ എല്‍പിഡിയും: നിര്‍മാണകരാര്‍ റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കവും വിവാദത്തില്‍

ഡി ദിലീപ്Updated: Wednesday Sep 26, 2018


കൊച്ചി > റഫേല്‍ കരാര്‍ മാതൃകയില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചി കപ്പല്‍ശാലയെയും ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിനെയും ഒഴിവാക്കി നാവിക സേനയുടെ 20,000 കോടി രൂപയുടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) നിര്‍മാണകരാര്‍  റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാര്‍ നീക്കവും വിവാദത്തില്‍.  പിപ്പാവിലെ റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡിന് എല്‍പിഡി നിര്‍മിക്കാനാവശ്യമായ സാങ്കേതിക  സാമ്പത്തിക ത്രാണിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടാണ് നീക്കത്തിന് പുതിയ തടസ്സം സൃഷ്ടിച്ചത്.

റിലയന്‍സിനുകൂടി അയോഗ്യത വന്നതോടെ നാലു എല്‍പിഡിയുടെയും നിര്‍മാണകരാര്‍ സ്വകാര്യകമ്പനിയായ എല്‍ആന്‍ഡ്ടിക്കു മാത്രമായി. ഈ റിപ്പോര്‍ട്ട് മറികടന്ന് കരാര്‍ നല്‍കാനുള്ള നീക്കവും ശക്തമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്‍ആന്‍ഡ്ടിക്കു മാത്രമായി കരാര്‍ നല്‍കുന്നതിനെതിരെ റിലയന്‍സ് പരാതി നല്‍കി. എല്‍ആന്‍ഡ്ടിയിലുള്ള  മകനുവേണ്ടി ഉന്നത സമൊ ഉദ്യോഗസ്ഥനാണ് റിലയന്‍സിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.  അതേസമയം, എല്‍ആന്‍ഡ്ടിക്കുമാത്രമായി കരാര്‍ പരിമിതപ്പെടുത്താതെ  ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി കപ്പല്‍ശാല വീണ്ടും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കത്ത് നല്‍കി.

2011ലാണ് നാവികസേനയ്ക്കായി 220 മീറ്റര്‍ നീളവും 20,000 ടണ്‍ കേവുഭാരവുമുള്ള നാല് എല്‍പിഡി വെസലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇതില്‍ രണ്ടെണ്ണം ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിന് നല്‍കി. ബാക്കി രണ്ടെണ്ണം ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, അന്നും കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്നുപോലും ഒഴിവാക്കി. വിമാനവാഹിനി കപ്പല്‍(ഐഎസി) നിര്‍മാണം നടക്കുന്നതിനാല്‍ എല്‍പിഡി നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്കുശേഷിയുണ്ടാകില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വിമാനവാഹിനിക്കപ്പലിന്റെ ഇരുക്കുപണികള്‍ 13ല്‍ത്തന്നെ ഏതാണ്ട് ഭൂരിഭാഗവും പൂര്‍ത്തീകരിച്ചിരുന്നു. അതൊന്നും പക്ഷേ, പ്രതിരോധമന്ത്രാലയം കണക്കിലെടുത്തില്ല.

ഇതിനെതിരെ 2013ല്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് കപ്പല്‍ശാല ജീവനക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ ഒരുസമിതിയെ നിയോഗിച്ചു. എല്‍പിഡിയുടെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയ്ക്കു നേരിട്ട് നല്‍കുകയോ, അല്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുകയോ വേണമെന്ന് സമിതി നിര്‍ദേശിച്ചു. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. തുടര്‍ന്നുവന്ന ബിജെപി സര്‍ക്കാര്‍ ടെന്‍ഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായംപറഞ്ഞ് കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ നിന്ന് വീണ്ടും ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ടെന്‍ഡറിലൂടെ നാല് എല്‍പിഡിയുടെ നിര്‍മാണച്ചുമതല  റിലയന്‍സിനും എല്‍ആന്‍ഡ്ടിക്കുമായി കൈമാറി. അതിനുശേഷമാണ് പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ എല്‍ആന്‍ഡ്ടിക്കുമാത്രമായി ചുരുക്കിയത്.

 കൊച്ചി കപ്പല്‍ശാലയ്‌ക്കെതിരെ പ്രവര്‍ത്തിച്ച നാവികസേനാ വൈസ് അഡ്മിറലായിരുന്ന വൈദ്യനാഥന്‍ വിരമിച്ചശേഷം എല്‍ആന്‍ഡ്ടിയുടെ വൈസ് പ്രസിഡന്റും ഷിപ്പ് ബില്‍ഡിങ് വിഭാഗത്തിലെ തലവനുമായെന്നത് ഇതിലെ കള്ളക്കളിയിലേക്ക് വെളിച്ചം വീശുന്നു.ഗുജറാത്തിലെ പിപ്പാവ് കപ്പല്‍ശാല 12,000 കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോഴാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 2015ല്‍ ഇതിന്റെ 17 ശതമാനം ഓഹരി വാങ്ങുന്നത്.പിന്നാലെ 25 ശതമാനം ഓഹരികൂടി കരസ്ഥമാക്കി കപ്പല്‍ശാല സ്വന്തമാക്കി റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എന്ന് പേരും മാറ്റി.

പ്രതിരോധമേഖലയിലെ നിര്‍മാണകരാറുകള്‍ നല്‍കാമെന്ന രഹസ്യധാരണയിലായിരുന്നത്രെ ഈ ഇടപാടുകള്‍. അതിനാണ് 200 മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളും വിമാനവാഹിനിയും നിര്‍മിച്ചു പരിചയവും സാങ്കേതികവൈദഗ്ധ്യവുമുള്ള കൊച്ചി കപ്പല്‍ശാല ടെന്‍ഡറില്‍ പങ്കെടുക്കുന്നതുപോലും വിലക്കിയത്.

കൊച്ചി കപ്പല്‍ശാലയ്ക്കും ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിനും കരാര്‍ നല്‍കിയിരുന്നെങ്കില്‍ എല്‍പിഡിയുടെ നിര്‍മാണം പാതിയെങ്കിലും പൂര്‍ത്തിയാകുമായിരുന്നുവെന്ന് കപ്പല്‍ശാലയിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരുകളുടെ നിക്ഷിപ്തതാല്‍പ്പര്യം മൂലം  ഏഴുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഇന്നും കടലാസില്‍ തന്നെയാണ്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top